ആസിഫക്കുറിച്ച് പറയുമ്പോൾ അപ്പുറത്തെ പഞ്ചായത്തിലേക്കു നോക്കൂ, സമാനസംഭവം കാണുന്നില്ലേ എന്നും, ഇതിൽ രാഷ്ടീയം കാണരുതേ മതം കാണരുതേ എന്നും പറയുന്ന വിഡ്ഡികളോട് എനിക്കൊന്നും പറയാനില്ല. സ്വന്തം വിവരമില്ലായ്മയെക്കുറിച്ച് ബോദ്ധ്യമുള്ളവരുടെ അറിവില്ലായ്മയോട് സംസാരിക്കാം, കാരണം അവർക്ക് മാറ്റത്തിനുള്ള സാദ്ധ്യത അവർതന്നെ നിലനിർത്തുന്നുണ്ട്. തനിക്ക് വിവരമില്ല എന്നു തിരിച്ചറിയാത്തവരുടെ അറിവില്ലായ്മകളോട് സഹതപിക്കാം, കാരണം വിവരമില്ലായ്മ ഒരു ക്രിമിനൽ കുറ്റമല്ല. എന്നാൽ ഇവർ മൂന്നാമതൊരു കൂട്ടമാണ് – സ്വന്തം അറിവില്ലായ്മയിൽ അഹങ്കരിക്കുന്നവർ. തങ്ങളുടെ അഹങ്കാരത്തെ രാഷ്ട്രീയായുധമായി പരിവർത്തിപ്പിക്കുന്നവർ.  അവരോട് ഒരു സംവാദസാദ്ധ്യതയുമില്ല, സഹതാപസാദ്ധ്യതയുമില്ല. സമ്പൂർണ്ണനിരാസം മാത്രമാണ് മറുപടി.

എന്നാൽ നിഷ്കളങ്കബുദ്ധികളും ആത്മവിശ്വാസക്കോമരങ്ങളുമായ കുറേ നന്മമരങ്ങൾക്ക് ചില മറുപടികൾ ആവശ്യമാണ് എന്ന് തോന്നുന്നു. അതിനാണീ കുറിപ്പ്. അവർ ഇത്രയും കാലവും ഇപ്പൊഴും വാദിക്കുന്നത് ഇന്ത്യയിൽ ഫാഷിസം വന്നിട്ടില്ല എന്നാണ്. ഇന്ത്യ ഫാഷിസത്തിന്റെ തോന്നക്കൽ പഞ്ചായത്തിലേക്കുള്ള വഴിതിരിവിലാണ്, അപ്പുറത്തെ കലുങ്ക് കൂടി കടന്നാലെ ഫാഷിസം പൂർണ്ണമാവൂ എന്നൊക്കെ പറയും. ഉമ്പർട്ടോ എക്കോ എഴുതിയ ഫാഷിസത്തിന്റെ പതിനാലുലക്ഷണങ്ങളുടെ ഒരു കടലാസുചുരുൾ എപ്ഴും ഇവരുടെ കയ്യിലുണ്ട്. എന്തു നടന്നാലും അവരുടെ അതു നിവർത്തി നോക്കും. ഒരു രണ്ട് ലക്ഷണം കൂടി തികയാൻ ബാക്കിയുണ്ട് എന്നുപറയും. ' വെറുമൊരു ഫാഷിസ്റ്റ് ടേണിനെയൊക്കെ ഫാഷിസമെന്നു വിളിക്കരുതേ' ന്നു പാടും. അവർക്ക് തലക്കുവെളിവുണ്ടെങ്കിൽ ഇനിയെങ്കിലും നേരം വെളുക്കണം. ഇന്ത്യൻ ഫാഷിസം – മനസ്സിലായോ? ഇന്ത്യൻ ഫാഷിസം ആണ് ഇവിടെ നാടുവാഴുന്നത്. അതിന്റെ കടലാസുചുരുളിലെ തെളിവല്ല, മരണത്തിന്റെ രക്തസാക്ഷ്യമാണ് ആസിഫ. തിരിച്ചറിവിനുള്ള അവസാനസന്ദർഭമാണിത്.
ജർമ്മൻ ഫാഷിസം സമ്പൂർണ്ണ അധികാരാവരോഹണത്തിലെത്തിയ ചരിത്രസാഹചര്യത്തെക്കുറിച്ച് ദിമിത്രോവ് പറഞ്ഞു, "ജർമ്മനി ഇറ്റലിയല്ല എന്ന ആത്മവിശ്വാസം അവസാനം വരെ നിലനിർത്തിയവരുണ്ടായിരുന്നു. ഫാഷിസം ഇറ്റലിയിൽ വിജയിച്ചെങ്കിലും ജർമ്മനിയിൽ അത് വിജയിക്കാൻ പോകുന്നില്ല എന്നും, കാരണം ജർമ്മനി വ്യാവസായികമായും സാംസ്കാരികമായും ഏറെ മുന്നേറിയ രാജ്യമാണെന്നും , അതിനു 40 വർഷത്തെ തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിന്റെ ചരിത്രമുണ്ടെന്നും അതുകൊണ്ടുതന്നെ ഫാഷിസം ജയിക്കുക അസാദ്ധ്യമാണെന്നുമായിരുന്നു അവരുടെ ആത്മവിശ്വാസം. നേരിട്ടല്ലെങ്കിലും അവർ കൂടിയാണ് ഫാഷിസത്തെ പൂർണ്ണവാഴ്ച്ചയെ അയത്നലളിതമാക്കിയത്."  ( ഫാഷിസത്തിനെതിരെ തൊഴിലാളിവർഗ്ഗം – ദിമിത്രോവ്)

നിരന്തരം തെറ്റിദ്ധരിക്കപ്പെടും പോലെ ഫാഷിസം ഒരു കേവലമായ വർഗ്ഗപ്രതിഭാസമല്ല. ഗ്രാംഷി തന്നെ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഇത് വ്യക്തമാക്കുന്നുണ്ട്. മറ്റനേകം സാമൂഹികബലതന്ത്രങ്ങളും ചരിത്രസാഹചര്യങ്ങളും ഫാഷിസത്തിൽ പ്രവർത്തിക്കുന്നുണ്ട്. നൂറ്റാണ്ടുകൾ നീണ്ട ജാതീയതയിലൂടെ കണ്ടീഷനിംഗിനു വിധേയമായ സമൂഹത്തിൽ ഫാഷിസത്തിനു വേരുപിടിക്കാൻ അത്രയധികം സമയമൊന്നും ആവശ്യമില്ല. ഗ്രാംഷി സൂചിപ്പിക്കുന്ന പ്രധാനപ്പെട്ട ഒന്ന്, താഴ്ന്ന നിലവാരത്തിലുള്ള നാഗരികതയുമായി ഫാഷിസത്തിനുള്ള ബന്ധമാണ്. ഇന്ത്യയിൽ ഇന്നത് പ്രത്യക്ഷയാഥാർത്ഥ്യമാണ്. ഉപഭോഗമൂല്യമുള്ള ചന്തകളെ കോർപ്പറേറ്റുകൾക്ക് അനുകൂലമായി നിർമ്മിച്ചെടുത്തു എന്നല്ലാതെ, നാഗരികതയുടെ ഒരു മൂല്യങ്ങളെയും നമ്മൾ സ്വാംശീകരിച്ചിട്ടില്ല. താഴ്ന്ന നിലവാരമുള്ള ഇന്ത്യൻ നാഗരികത സൃഷ്ടിക്കുന്ന ആധുനിക മദ്ധ്യവർഗ്ഗമനുഷ്യൻ എത്രമേൽ വയലൻസിന്റെ വാഹകരായി മാറുമെന്നതിന്റെ സാക്ഷ്യമാണ് ആസിഫയുടെ മരണത്തെതുടർന്ന് വരുന്ന സമീകരണ-ന്യായീകരണ അഭിപ്രായങ്ങൾ.

നോക്കൂ, ഞങ്ങൾക്ക് അമ്പലം കെട്ടണം എന്നാണ് പതിറ്റാണ്ടുകളായി സംഘപരിവാർ ആർത്തുവിളിച്ചുകൊണ്ടിരുന്നത്. അമ്പലം കെട്ടാനുള്ള ഇഷ്ടികകൾ  ആണ് ഇന്ത്യ മുഴുവൻ ശേഖരിച്ചത്. അമ്പലം കെട്ടാനാണ് പള്ളി പൊളിച്ചത്. വർഗീയകലാപങ്ങളിൽ നൂറുകണക്കിന് മനുഷ്യരെ കൊന്നത്. എന്നിട്ട് അമ്പലങ്ങളിൽ ചെയ്തത് എന്താണ്? എട്ടുവയസ്സുകാരിയെ ഭക്ഷണം പോലുമില്ലാതെ ദിവസങ്ങളോളം മയക്കുമരുന്നുകൊടുത്ത് ദേവസ്ഥാനത്തിൽ കിടത്തി ബലാൽസംഗം ചെയ്തു. അവിടെയുള്ള പൂജാരിയടക്കം. പുരോഹിതൻ ബലാൽസംഗം കഴിഞ്ഞ് അവിടെ ദേവാരാധന നടത്തിക്കൊണ്ടിരുന്നു. അവസാനം കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു. പിന്നെ ഇന്ത്യയൊട്ടാകെ അമ്പലം കെട്ടാൻ ഇഷ്ടിക ചുമന്ന പാർട്ടിയുടെ ജനപ്രതിനിധികൾ കൊലപാതകികൾക്കായി ജാഥനടത്തി. ഇവയെല്ലാം കഴിഞ്ഞ്, നമുക്കിടയിലെ ആധുനികനാഗരികസുഖജീവിതങ്ങൾ അപ്പുറത്തെ പഞ്ചായത്തിലേക്ക് നോക്കൂ, അതും ഇതും ഒന്നല്ലേ എന്നു ചോദിക്കുന്നു. നിഷ്കു ബുദ്ധിജീവികൾ ഫാഷിസം ഇനിയും മൂന്നുതവണ വലത്തോട്ടു തിരിഞ്ഞാലെത്തുന്ന നാലാമത്തെ വീടാണെന്ന് പറയുന്നു. രണ്ടും പ്രയോഗത്തിൽ വ്യത്യാസമൊന്നുമില്ല.  കുട്ടികളുടെ ചോര കണ്ടാൽ തീരാത്ത നിഷ്കങ്കളത തീരാനുള്ളതുമല്ല.
    - sreechithran mj

Post a Comment

Previous Post Next Post