ചില ബുദ്ധിജീവികൾ ഇങ്ങനെയാണ്.

"എലിയെ പൂച്ച പിടിച്ചു."

"എന്തുകൊണ്ട് എലിയെ തന്നെ പൂച്ച പിടിച്ചു? എന്താ ഒരു അണ്ണാനെ പിടിച്ചൂടേ? പൂച്ചക്കെന്താ മരം കേറാൻ അറിയാഞ്ഞിട്ടാണോ? അല്ല. പക്ഷെ പൂച്ച എലിയെയെ പിടിക്കു. കാരണം,എലികളെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാനാണ് പൂച്ച ശ്രമിക്കുന്നത്. അത് പൂച്ചക്ക് അറിയില്ല. പക്ഷെ എലിയെ പൂച്ച പിടിച്ചു എന്നുപറയുന്നവർ യഥാർത്ഥത്തിൽ അത് അംഗീകരിക്കുകയാണ്. അതിലുപരി,എലിയെ പൂച്ച മാത്രമേ പിടിക്കൂ എന്നും കൂടി പറഞ്ഞു വെക്കുകയാണ്.ഇതിലൂടെ പൂച്ചയെ എലികളെ പിടിക്കുന്ന ഒരു ഭീകരജീവിയാക്കി മാറ്റുകയാണ് ഇവർ ചെയ്യുന്നത്. എന്താണിതിന്റെ ആവശ്യകത? ഇവർക്ക് പൂച്ചകളെ ഇല്ലാതെയാക്കണം. അതിനു അവ എലികളെ പിടിക്കുന്നു എന്ന പഴങ്കഥ എടുത്തിട്ട് പൂച്ചകളെ കുറ്റാരോപിതരാക്കും. അവസാനം എന്താവും? ആളുകളെല്ലാം പൂച്ചകളെ വെറുക്കും. കാണുന്നവയെ എല്ലാം പിടിച്ചു കൊല്ലും. അവസാനം പൂച്ചകൾ വംശനാശം വന്നു ഇല്ലാണ്ടാവും. പൂച്ചകളെ നിങ്ങൾക്ക് ഉണരേണ്ട സമയം ആയിരിക്കുന്നു"

നിങ്ങളെല്ലാം കരുതുന്നുണ്ടാവും,പൂച്ചയെ ഇല്ലാതാക്കാൻ വേണ്ടി എലിയെ പറ്റിയുള്ള ഒരു വാചകമെടുത്തു ഇവർ കീറിമുറിച്ചു,അടിസ്ഥാനതലത്തിൽ പരിശോധിച്ച് വിധി നടപ്പിലാക്കുകയാണെന്നത്.

എന്നാൽ മനസ്സിലാക്കേണ്ടത് എന്താണെന്നു വച്ചാൽ, പൂച്ചകളെ ഇല്ലാണ്ടാക്കി,പിടിക്കാൻ പൂച്ചകളില്ലാതെ വരുമ്പോൾ പട്ടികൾ ഒന്നടങ്കം ഒരുമിക്കും എന്നതാണ്. പട്ടിയെന്നാൽ പൂച്ചപിടുത്തക്കാരൻ എന്നത് പറയാതെ അവരെ പഠിപ്പിക്കുകയും ചെയ്യും.

കാലിക പ്രസക്തിയുള്ള എന്തെങ്കിലുമായി സാദൃശ്യം തോന്നിയാൽ അത് തികച്ചും മിഥ്യയാണെന്നു നിങ്ങൾക്ക് വേണമെങ്കിൽ കരുതാം കരുതാതിരിക്കാം.

Post a Comment

أحدث أقدم