"എടുത്തെറിയെടാ കിണ്ടിയും വെളളവും...
എന്റെ സമുദായത്തിലെ സ്ത്രീത്വത്തെ ബ്രാഹ്മണന്റെ കാമകേളിക്ക് വിട്ടുകൊടുക്കില്ല."
ഈ വാക്കുകൾ താക്കോൽ സ്ഥാനം തപ്പി നടക്കുന്ന പെരുന്നയിലെ പോപ്പ് കേട്ടിട്ടുണ്ടോ..?
ഉണ്ടാവില്ല....
ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചരിത്രത്തെ വ്യഭിചരിക്കാൻ ഇറങ്ങിപ്പുറപ്പെടുമായിരുന്നില്ല.
സമുദായാചാര്യൻ എന്ന് താങ്കൾ തന്നെ നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന മന്നത്തു പത്മനാഭന്റെ വാക്കുകളാണ് താക്കോൽ നായരേ മുകളിൽ കൊടുത്തത്.
ആരായിരുന്നു മന്നം..?
എന്തുകൊണ്ടാണിങ്ങനെ പറഞ്ഞത്..,
എന്തായിരുന്നു അന്നത്തെ ആചാരങ്ങൾ..?
എന്നൊക്കെ ഒന്ന് മനസിലാക്കുന്നത് നല്ലതാണ്.
"വിശ്വാസവും ആചാരവും സംരക്ഷിക്കലാണ് NSS ന്റെ പ്രഖ്യാപിത ലക്ഷ്യം" എന്ന് പത്രസമ്മേളനം നടത്തി വിളച്ചു പറയുന്ന നായരോട് ഞങ്ങൾ പറയും...
അല്ല, നിങ്ങൾ പറയുന്നത് കളവാന്ന്... പച്ചക്കള്ളം.
നിങ്ങൾ പറഞ്ഞതാണ് ശരിയെങ്കിൽ കിണ്ടിയിൽ വെള്ളം നിറച്ച് ഉമ്മറത്ത് വെച്ച് ഒരു തോർത്ത് മുണ്ട് അയലിൽ അടയാളമാക്കി ഇട്ട് നായർ സ്ത്രീയെ സംബന്ധം ചെയ്ത നമ്പൂതിരിക്ക് പുറത്ത് നിങ്ങൾ കാവൽ നിൽക്കണമായിരുന്നു നായരേ...
അങ്ങനെ സുകുമാരൻ നായർ കാവലിരുന്നിട്ടുണ്ടോ..?
ഇങ്ങനെ സംബന്ധം എന്ന പേര് പറഞ്ഞ് നായർ സ്ത്രീകളെ നമ്പൂതിരിമാർക്ക് കാമം തീർക്കാൻ വിട്ടു കൊടുക്കുന്ന അസംബന്ധമായ ഒരാചാരം ഉണ്ടായിരുന്നു താങ്കളുടെ സമുദായത്തിൽ.
ഈ അസംബന്ധത്തിന്റെ ഏറ്റവും വലിയ തെളിവായിരുന്നു മന്നത്ത് പത്മനാഭപിള്ള എന്ന സമുദായാചാര്യൻ.
"പഴയ കാലത്ത് നിലനിന്നിരുന്ന സംബന്ധം എന്ന അന്നത്തെ ആചാരത്തിൽ, ഇന്നത്തെ അനാചാരത്തിൽ പിറന്ന പുത്രൻ !!" അതായിരുന്നു മന്നം
പിതാവ് :- വാകത്താനം നിലവന ഇല്ലത്ത് ഈശ്വരൻ നമ്പൂതിരി എന്ന ആഢ്യ ബ്രാഹ്മണൻ, മാതാവ്: - ചിറ്റേടത്ത് പാർവ്വതി അമ്മ എന്ന നായർ സ്ത്രീ
ആരാണ് അമ്മേ എന്റെ അഛൻ..?
എന്ന ചോദ്യത്തിന് മാസത്തിൽ ഒന്നോ രണ്ടോ തവണ വീട്ടിൽ വന്നു പോകുന്ന ഈശ്വരൻ നമ്പൂതിരി എന്ന ഉള്ളു പൊള്ളിക്കുന്ന മറുപടിയെ പറ്റി ആത്മകഥയിൽ മന്നം എഴുതി വെച്ചിട്ടുണ്ട്.
ജീവിതത്തിൽ ഒരിക്കൽ പോലും സ്വന്തം അച്ചന്റെ മുഖത്ത് നോക്കി അച്ചാ എന്ന് വിളിക്കാൻ കഴിയാത്ത...
മടിയിലിരുത്തി ഒന്ന് ലാളിക്കാത്ത...
ജന്മം നൽകിയ പിതാവിന്റെ കൈ കൊണ്ട് ഒരു ഉരുള ചോറ് വാങ്ങി കഴിക്കാൻ കഴിയാത്ത ആചാരങ്ങൾ കൊണ്ട് പീഡിപ്പിക്കപ്പെട്ട കയ്പുനിറഞ്ഞ ബാല്യകാലത്തെ പറ്റി,
നാണക്കേട് സഹിക്കാൻ കഴിയാതെ തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ഈശ്വരൻ നമ്പൂതിരിയുമായുള്ള വിവാഹം വേർപെടുത്തി തളത്തിൽ വേലായുധൻപിള്ള എന്ന നായരെ അമ്മ രണ്ടാമത് കല്യാണം കഴിച്ചതിനെ പറ്റിയെല്ലാം മന്നം തന്നെ ആത്മകഥയിൽ കണ്ണീരിൽ ചാലിച്ച് എഴുതിവെച്ചത് താക്കോൽ നായർ വായിച്ചിട്ടുണ്ടോ..?
അതെ....
ഈ ബാല്യത്തിന്റെ കയ്പാണ് ജാതിയിൽ ജാതിയുള്ള നായർ സമുദായത്തെ പരിഷ്ക്കരിക്കാൻ മന്നം ഇറങ്ങിത്തിരിക്കാൻ ഉള്ള പ്രചോദനം.
നായർ, പിള്ള, കുറുപ്പ് ,മേനോൻ ,പൊതുവാൾ, നമ്പ്യാർ, പടക്കുറുപ്പ് തുടങ്ങി 11 വിഭാഗങ്ങൾ നായർ ജാതിയിൽ തന്നെ ഉണ്ടായിരുന്നു..!!!
105-ാം വർഷത്തിലേക്ക് കടക്കുന്ന എന്റെ സംഘടന ആചാരങ്ങൾക്ക് വേണ്ടി അടിയുറച്ച നിൽക്കും എന്ന് പറയുന്ന നായരേ മന്നം സ്ഥാപിച്ച ആദ്യ സംഘടനയുടെ പേര് എന്താണെന്ന് അറിയാമോ..?
താങ്കളുടെ കണക്കിൽ 105 വർഷം ആകണമെങ്കിൽ 1914 ൽ തന്നെ സ്ഥാപിക്കണമല്ലോ അല്ലേ..?
1914 ൽ മന്നം സ്ഥാപിച്ച സംഘടനയുടെ പേര് "തിരുവിതാംകൂർ ഭൃത്യ ജനസംഘം " -- ഭൃത്യൻ എന്നാൽ വേലക്കാരൻ..
ബ്രാഹ്മണന്റെ വേലക്കാരൻ....!
ആ സംഘടനയുടെ പേര് മാറ്റാൻ ശ്രീമൂലം പ്രജാസഭയെ സമീപിച്ച് എന്റെ സമുദായത്തിന് നായർ എന്ന പേര് പൊതുവായി ഉപയോഗിക്കാൻ അനുവാദം തരണം എന്ന് മന്നം അപേക്ഷിച്ചതിന്റെ ഫലമായി രാജാവ് വിളംബരം പുറപ്പടുവിച്ച ശേഷമാണ് നായരേ1915ൽ നായർ സർവീസ് സൊസൈറ്റി (NSS ) എന്ന സംഘടന ഭാരതകേസരി മന്നത്ത് പത്മനാഭൻ സ്ഥാപിച്ചത്.
ഇതൊക്കെയാണ് ചരിത്ര സത്യങ്ങൾ
പിന്നെ മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തെ പറ്റി താങ്കളുടെ തിരുവായ് കൊണ്ട് മൊഴിയുന്നത് കേട്ടു.
ഒരു സമുദായപ്രമാണിക്ക് മുന്നിലും മുട്ടുമടക്കാതെ നിലപാടുകൾ ആർജവത്തോടെ പറയുന്നതാണ് ധാർഷ്ട്യമെങ്കിൽ അത് മലയാളിക്ക് അഭിമാനമാണ്.
സ്വന്തം സമുദായത്തിന് താക്കോൽ സ്ഥാനം വേണമെന്ന് പറഞ്ഞ് അധികാരിവർഗത്തെ മുൾമുനയിൽ നിർത്തി അടിവസ്ത്രത്തിൽ മുള്ളിച്ച സുവർണകാലം (ശ്രീധരൻപിളളയുടെ വാക്കുകൾ കടമെടുത്തതാ) ആ കാലമൊക്കെ പോയി നായരേ...
ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരി ഒരു സമുദായ തമ്പുരാന് മുന്നിലും മുട്ടുവളക്കില്ല എന്ന പാഠം കൂടിയാണ് സ.പിണറായി വിജയൻ താങ്കൾ ഉൾപ്പെടുന്ന സമുദായ നേതൃത്വങ്ങളെയാകെ പഠിപ്പിക്കുന്നത്.
ഡിസം:26 ന് ശബരിമല കർമ്മസമിതിയുടെ അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കും,
വനിതാമതിൽ വർഗീയമതിലാണ് എന്ന് പറയുന്ന സവർണനായരേ,
കർമ്മസമിതി എന്നാൽ RSS-ണെന്ന് താങ്കൾക്ക് അറിയാത്തതല്ലല്ലോ.
സമദൂരം വേണ്ടിവന്നാൽ പുനഃപരിശോധിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുമ്പോൾ നിങ്ങൾ ശരിദൂരം പ്രഖ്യാപിച്ചപ്പോഴും ഞങ്ങൾക്ക് കുലുക്കമൊന്നും ഉണ്ടായിട്ടില്ല എന്ന കാര്യം ഒന്ന് ഒർമ്മപ്പെടുത്തുന്നു.
ഇടതുപക്ഷം അതിന്റെ നിലപാട് കൃത്യമായി പറഞ്ഞു
"ആയിരം തെരെഞ്ഞെടുപ്പുകളിൽ തോറ്റാലും,
കേരളത്തെ ഇരുട്ടിലേക്ക് നയിക്കുന്ന ഒരു തീരുമാനത്തേയും പിന്തുണക്കില്ല"
നായൻമാരുടെ പോപ്പാണ് ഞാൻ എന്ന് അഹങ്കരിക്കുന്ന നിങ്ങളോട് ഒരു കാര്യം വിനയത്തോടെ ചൂണ്ടിക്കാട്ടട്ടെ
1931-ലെ ഗുരുവായൂർ സത്യാഗ്രഹത്തിനിടയിൽ സോപാനത്തിൽ കയറി മണിയടിച്ച ഒരു നായരുണ്ടായിരുന്നു...
ഉശിരുള്ള നായർ സ.പി.കൃഷ്ണപിള്ള,
അന്ന് സഖാവിന്റെ പുറത്ത് ആഞ്ഞടിച്ച കുറേ ഇലനക്കി നായൻമാരും ഉണ്ടായിരുന്നു. താങ്കൾ നിലപാടു കൊണ്ട് രണ്ടാമത്തെ നായൻമാർക്ക് ഒപ്പമാണെന്ന് അറിയാം.
സുപ്രിം കോടതി വിധി എതിരായാൽ ഞങ്ങൾ കേന്ദ്രത്തെ സമീപിക്കും എന്ന നിലപാട് പ്രഖ്യാപിച്ച താങ്കൾ ആ രണ്ടാമത്തെ വിഭാഗത്തേയും നാണിപ്പിക്കുന്ന പാദസേവയിലേക്കും കടന്നോ..?
1955 ലെ യോഗക്ഷേമസഭാ സമ്മേളനത്തിലെ പ്രസംഗത്തിൽ മന്നം ഇങ്ങനെ പറഞ്ഞു.
"സകല കാര്യങ്ങൾക്കും പ്രതിബന്ധമായി നിൽക്കുന്നത് യാഥാസ്ഥിതികൻമാരാണ്.
യാഥാസ്ഥിതികത എന്ന പദത്തിന് നിഘണ്ടുവിൽ എന്തർത്ഥമായിരുന്നാലും ജീവനില്ലായ്മ എന്നാണ് ഞാൻ അർത്ഥം കൽപിക്കുന്നത് ".
വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള വഴിയിലൂടെ അവർണന് വഴി നടക്കാൻ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ വൈക്കം സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് സവർണ ജാഥ സംഘടിപ്പിച്ച മന്നത്തിന്റെ പിൻഗാമികൾ ആർത്തവലഹളയുടെ പേരിൽ തെരുവിൽ നടത്തുന്ന പേക്കൂത്തുകളെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്..?
ഒരു കാര്യം ഉറപ്പ് ഈ വനിതാമതിൽ ഒരു പാട് പേരെ അസ്വസ്ഥമാക്കുന്നുണ്ട്.
കേരളത്തിന്റെ പൊതുബോധം മതനിരപേക്ഷതയ്ക്ക് അനുകൂലമാണ് എന്ന കാര്യം ഇത്തരക്കാർക്ക് നന്നായി അറിയുകയും ചെയ്യാം.
അതുകൊണ്ടാണ് നവോത്ഥാനപാരമ്പര്യത്തിന്റെ യഥാർത്ഥ തുടർച്ചയാണ് വനിതാമതിൽ എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഈ സ്ത്രീ മുന്നേറ്റത്തെ വർഗീയമതിൽ എന്ന് ആക്ഷേപിക്കാൻ ലക്ഷണമൊത്ത എല്ലാ വർഗീയ വാദികളും കൈകോർത്ത് രംഗത്തിറങ്ങുന്നത്.
പക്ഷേ അവരുടെ കയ്യിലെ ചട്ടുകമാവാൻ NSS പോലുള്ള സംഘടനകൾ നിന്നു കൊടുക്കരുത്.
കള്ളൻ,കള്ളൻ...
എന്ന് ആർത്ത് വിളിച്ച് മുന്നിലോടുന്ന കള്ളനെ പോലെ വർഗീയമതിൽ, വർഗീയമതിൽ എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നവരാണ് യഥാർത്ഥ വർഗീയ വാദികൾ എന്ന് കാലം വിലയിരുത്തും
വാൽ കഷ്ണം:
ഇന്നലത്തെ പത്ര സമ്മേളനത്തിൽ സുകുമാരൻ നായർ ഒരു സത്യം പറഞ്ഞു.
ഒന്നാമത്തെ കക്ഷി സർക്കാർ രണ്ടും മൂന്നും കക്ഷികൾ BJP യും കോൺഗ്രസും,
രണ്ടും മൂന്നും എന്ന് പറയണ്ട രണ്ടു പേരും രണ്ടാം കക്ഷി തന്നെ !!
( BJP യും കോൺഗ്രസും ഒരു മെയ്യും ഒരു മനസും ആണെന്നെങ്കിലും നായർക്ക് തിരിഞ്ഞല്ലേ അത്രയും നല്ലത്... ബാക്കിയുള്ളതൊക്കെ വഴിയേ മനസിലായിക്കൊള്ളും)
إرسال تعليق