Sreehari Sreedharan writes...

തൊഴിൽ സുരക്ഷ ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല. വലിയ സംസ്കാരങ്ങൾ ഉണ്ടായ കാലം മുതൽക്ക് വലിയ അനീതികളിലൂടെയാണ് മനുഷ്യാധ്വാനത്തെ ഒരു ന്യൂനപക്ഷം ചൂഷണം ചെയ്തുകൊണ്ടിരുന്നത്. നേരിട്ടുള്ള അടിമത്വമായിരുന്നു പ്രാചീനഗ്രീസിൽ, റോമിൽ. അത് നൂറോ ആയിരമോ കൊല്ലം കൊണ്ട് ഇല്ലാതായതൊന്നും ഇല്ല. ഗ്രീസും റോമും എല്ലാം നിലം പതിച്ചിട്ടും ചുളുവിൽ മനുഷ്യന്റെ അധ്വാനത്തെ സ്വന്തമാക്കുന്ന സമ്പ്രദായം ഇല്ലാതായില്ല. എന്തിന് യൂറോപ്പിലെ നവോത്ഥാനകാലഘട്ടത്തിനു ശേഷം പോലും അതില്ലാതായില്ല. അമേരിക്കൻ കോട്ടൺ കൃഷിയിടങ്ങളിൽ പോലും അടിമത്തം ഇല്ലാതായിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ. അത്രയ്ക്കാണ് മറ്റൊരുവന്റെ അധ്വാനത്തെ ചൂഷണം ചെയ്യാനുള്ള സമ്പന്ന വർഗത്തിന്റെ ആർത്തി. റേയ്സിസവും സെക്സിസവും ജാതീയതയും ഒക്കെ പലപ്പോഴും അതിനുള്ള ആശയോപാധി ആയിട്ടാണ് ഉപയോഗിക്കപ്പെടുന്നത്.

ലോകത്ത് ഇന്ന് കാണുന്ന, ഇന്ത്യയിലടക്കം തത്വത്തിൽ എങ്കിലും നിലനിൽക്കുന്ന തൊഴിലാളികളുടെ ചുരുങ്ങിയ അവകാശങ്ങൾ കഴിഞ്ഞ ഒന്നൊന്നര നൂറ്റാണ്ടിനിടയിൽ മാത്രം നിരന്തര സമരങ്ങളിലൂടെയും നെഗോഷ്യേഷനുകളിലൂടെയും നേടിയെടുത്തതാണ്. എല്ലാമായതെന്നല്ല , നേടിയ അത്രയെങ്കിലും.

പത്രങ്ങളിൽ വാർത്തയാകാതെ, ചാനലുകളിൽ ചർച്ച ചെയ്യാതെ ആണ് ഇന്നലെ ഇന്ത്യയിൽ തൊഴിൽ സുരക്ഷ നിയമപരമായി അപ്രത്യക്ഷമായത്. പ്രാക്റ്റീസിൽ വരാൻ ഇനി ചുരുങ്ങിയ ആഴ്ചകൾ/മാസങ്ങൾ മതിയാകും.
ഒരിക്കൽ നേടിയെടുത്ത അവകാശങ്ങൾക്കായി വീണ്ടും പൊരുതേണ്ടി വരുന്ന ഗതികേടിലേക്ക് തൊഴിലെടുക്കുന്ന സാധാരണക്കാരെ ഈ മാറ്റങ്ങൾ കൊണ്ട് ചെന്നെത്തിക്കും. ഇവിടെ ഏറ്റവും പ്രതികൂലമായ വിഷയം എന്ത് കൊണ്ട് ഈ വിഷയം മാധ്യമങ്ങളിൽ ചർച്ചയായില്ല എന്നതിലുണ്ട്. അതിൽ മാത്രമല്ല എന്ത്കൊണ്ട് ഈ വിഷയം പ്രധാനമാണ് എന്ന് സോഷ്യൽ മീഡിയയിലോ ചായക്കടയിലെ ചർച്ചകളിലോ പോലും ഉന്നയിക്കാൻ നിലവിലെ സാംസ്കാരിക സാഹചര്യത്തിൽ സാധ്യമല്ല എന്നതിൽ കൂടിയുണ്ട്.

ശക്തി കൊണ്ട്, നേരിട്ടുള്ള അടിച്ചമർത്തൽ കൊണ്ട് അല്ല പ്രിവില്യേജുള്ളവർ ചൂഷണത്തെ നിലനിർത്തുന്നത് എന്നത് നേരത്തെ നാം മനസിലാക്കിയ വിഷയമാണ്. ഇന്ത്യൻ ജാതിവ്യവസ്ഥ നോക്കിയാൽ മതി. തീർച്ചയായും ദളിതരടക്കമുള്ള അവർണർക്ക് മേൽ ഫിസിക്കൽ വയലൻസ് നടപ്പാക്കാൻ സാവർണ്യത്തിനു മടി ഉണ്ടായിട്ടില്ല. ഇപ്പോഴും ഇല്ല. പക്ഷെ വളരെ ചുരുക്കം അവസരങ്ങളിൽ, റ്റു മേക് എ പോയിന്റ്, മാത്രമാണ് നേരിട്ട് വയലൻസ് പ്രവർത്തിക്കുന്നത്. അപ്പോൾ പോലും ദളിതൻ ആഞ്ഞൊന്ന് തിരിച്ച് വീക്കിയാൽ തീരുന്നതേയുള്ളൂ. സിസ്റ്റമാറ്റിക് ആയി ദളിത് പ്രതിരോധങ്ങളെ ദുർബലപ്പെടുത്താൻ ബ്രാഹ്മിണിക് ഹിന്ദൂയിസം ശ്രമിക്കുന്നു എന്നതും ശരിയാണ്. പക്ഷെ അതിനേക്കാളും ഇഫക്റ്റീവ് ആയ മറ്റൊന്ന് ജാതിഹിന്ദു അവർണന്റെ മേലെ പ്രയോഗിക്കുന്നുണ്ട്. പ്രത്യയശാസ്ത്രമാണത്. ജന്മം കൊണ്ടാണ്, പ്രത്യേകിച്ച് പൂർവജന്മത്തിലെ പാപഫലമായാണ് ഒരാൾ ദളിതനായി ജനിക്കുന്നതെന്ന്, അതിനാൽ ഈ ജന്മം അവൾ അടിമയായി ജീവിച്ചു തീർക്കണമെന്ന്  നിരന്തരം പൊതുബോധത്തിൽ തത്വം പ്രചരിപ്പിച്ചാണ് ഒരു പ്രതിരോധം പോലും വേണ്ടെന്ന നിലയിൽ ദളിതന്റെ അവസ്ഥയെ ചുരുക്കിക്കളയുന്നത്. തന്റെ വെജിറ്റേറിയനിസം ഉന്നതവും ദളിതന്റെ മാംസഭക്ഷണം മ്ലേച്ഛവും എന്ന് തിയറൈസ് ചെയ്യുന്നത് വർഗപരമായി തങ്ങളുടെ ശീലങ്ങൾ പോലും ഉന്നതവും നീചവും ആയി വേർ തിരിഞ്ഞിരിയ്ക്കുന്നു എന്ന ബോധസൃഷ്ടിയ്ക്കായാണ്.

ഹെഗിമണി എന്ന് ഗ്രാംഷി വിവക്ഷിക്കുന്ന ആശയം ഏതാണ്ട് ഇതുമായി ബന്ധപ്പെട്ടതാണ്. ഇതിനു തത്തുല്യമായ മലയാളപദമില്ല. മേലെ പറഞ്ഞ ഉദാഹരണത്തിൽ ആ ആശയമുണ്ട് താനും.  ഗ്രാംഷിയെ അറിയാതെ തന്നെ കേരളത്തിൽ നാരായണഗുരു ഈ തത്വം തിരിച്ചറിയുകയും പ്രതിരോധത്തിനു ശ്രമിക്കുകയും ചെയ്തിരുന്നു. മദ്യം പൂർണമായി വർജ്ജിക്കാൻ ഗുരു ആഹ്വാനം ചെയ്തത് മദ്യത്തോടുള്ള കേവലമായ എന്തെങ്കിലും വിരോധം കൊണ്ടാണെന്ന് കരുതുക പ്രയാസമാണ്. മദ്യം ഉണ്ടാക്കുന്ന ശേഖരിക്കുന്ന വിൽക്കുന്ന പ്രവർത്തി രണ്ടാം തരമാണെന്ന ബോധം സമൂഹത്തിൽ ഉണ്ടെങ്കിൽ, അതിൽ ഏർപ്പെടുന്ന ഈഴവവിഭാഗത്തിന് സ്വയം ഉണ്ടാകാൻ സാധ്യതയുള്ള ആത്മനിന്ദയെ ഇല്ലായ്മ ചെയ്യാൻ, ആ പേരും പറഞ്ഞ് സവർണർക്ക് ഈഴവരുടെ മേൽ മാനസിക അധീശത്വം സൃഷ്ടിക്കാൻ ഉള്ള സാധ്യതകളെ കൂടെ ഇല്ലാതാക്കിക്കളയാനാണ്.

തൊഴിലാളിവർഗം ലോകത്താകമാനം ഒരു പ്രതിസന്ധി ഈ അർഥത്തിൽ അനുഭവിക്കുന്നുണ്ട്.‌ പ്രതിരോധങ്ങളില്ലാതെ അവൾക്ക് തൊഴിൽനിയമഭേദഗതി സ്വീകരിക്കേണ്ടി വരുന്നത് മാധ്യമങ്ങളുടെ സഹായത്തോടെ ഭരണവർഗം നിലവിൽ സൃഷ്ടിച്ച ഹെഗിമണിയുടെ പിൻ ബലത്തിൽ ആണ്. കഴിഞ്ഞ കുറേ ദശാബ്ധങ്ങൾ ആയി ചണമില്ലുമുതലാളികളുടെയും റബ്ബർ ജയന്റ്സിന്റെയും പത്രങ്ങൾ ആ തരത്തിലാണ് തൊഴിലാളികൾക്ക് മേലെ അധീശത്വബോധം സമൂഹത്തിൽ സൃഷ്ടിക്കുന്നത്. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ കോൺഗ്രസ് കൂടെച്ചേർന്നാണ് ഇന്ത്യയിൽ ഈ ഹെഗിമണി സൃഷ്ടിച്ചത് പെർമനന്റ് ജോലികളേക്കാൾ ഫാക്റ്ററികളിൽ നല്ലത് കോണ്ട്രാക്റ്റ് ജോലികളായിരിക്കും എന്ന് വിശ്വസിക്കുന്ന നല്ലൊരു ശതമാനം ഇവിടെ ഉണ്ടായിക്കാണും. അവരോട് ഇന്നലത്തെ തൊഴിൽനിയമഭേദഗതിയുടെ മനുഷ്വത്യവിരുദ്ധതയെ , ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെപ്പറ്റി മനസിലാക്കിപ്പിക്കാൻ പ്രയാസമാണ്.  കാരണം ചരിത്രപരമായി അല്ല തൊഴിൽ നിയമങ്ങളെ അവർ മനസിലാക്കിയിരിക്കുക, ചരിത്രത്തിൽ നിന്ന് അടർത്തിമാറ്റി  ഉണ്ടാക്കിയ യൂണിയൻ പ്രവർത്തനമെന്ന എന്തോ വിപത്തിന്റെ സൃഷ്ടി എന്ന നിലയിൽ ആണ്.

ഈ മനുഷ്യത്വരഹിത നിയമങ്ങളുടെ പ്രത്യാഘാതങ്ങൾ തീർച്ചയായും ഉണ്ടാകും. ആസിയാൻ പോലുള്ള ഫ്രീ ട്രേഡ്‌ കരാറുകളുടെ കൂടെ ദീർഘകാലഫലമായാണ് ഇന്ത്യൻ കർഷകരുടെ ശോചനീയ അവസ്ഥ ഉണ്ടായത്. ഇത്തരം സാമ്പത്തികനയങ്ങൾക്കെതിരെ അന്നും പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടായിരുന്നു. പക്ഷെ നയങ്ങൾ നടപ്പിലായി. വർഷങ്ങൾക്ക് ശേഷം നമുക്കാകെ കാണാൻ കഴിയുന്നത് പല വിളകൾക്കും ആവശ്യമായ വില നേടിയെടുക്കാൻ കർഷകർക്ക് സാധിക്കുന്നില്ല എന്ന് മാത്രമാണ്. ഇതിനിടെ‌ സങ്കീർണമായ പല സാമ്പത്തികഘടകങ്ങൾക്കിടയിൽ ഒരു വേരിയബിൾ മാത്രമായി പഴയ ഓരോ സാമ്പത്തിക നയങ്ങളും മാറിക്കഴിഞ്ഞിരിക്കും.

ഇങ്ങനെയുള്ള ദീർഘകാല പ്രത്യാഘാതങ്ങളുടെ ഫലമായാണ് കർഷകർക്ക് ഇന്ന് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സംഘടിക്കേണ്ടി വരുന്നത്. സ്വയം ദുരിതമായ പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടി വരുന്നത്. നാളെ തൊഴിലാളിവർഗവും ഇതേ അവസ്ഥയിൽ എത്തും എന്നാണ് സർക്കാർ നയങ്ങൾ സൂചിപ്പിക്കുന്നത്.

ഇവിടെയൊരു പ്രശ്നം കൂടെ.മഹാരാഷ്ട്രയിലെ  കർഷകസമരം സമാധാനമായി ഒത്തുതീർന്നത്, അവരെ വാഗ്ദാനങ്ങൾ എഴുതിനൽകി മടക്കിയത് (അത് നടപ്പാവുമോ എന്നത് വേറെ കാര്യം) ഇന്നും ജനാധിപത്യം ഇവിടെ ബാക്കിയുള്ളത് കൊണ്ടാണ്. ഒരു ടോറ്റാലിറ്റേറിയൻ സിസ്റ്റം ഇവിടെ വന്ന് കഴിഞ്ഞാൽ പിന്നെ പ്രതിരോധങ്ങൾ കായിക മായി ത്തന്നെ ആവും ഒതുക്കിത്തീർക്കുക.

പത്രമുതലാളിമാരുടെ കാര്യം വിട്ടേക്കാം. പക്ഷെ പത്രത്തിൽ ജോലി ചെയ്യുന്നവരെങ്കിലും ഈ വിഷയത്തെ ചർച്ച ചെയ്യാൻ മുന്നോട്ട് വരേണ്ടിയിരുന്നു. രണ്ടോ മൂന്നോ വർഷങ്ങൾ മുമ്പ് മാത്രമാണ് കേരളത്തിലെ പ്രധാന പത്രങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മാന്യമായി പ്രതിഫലം കിട്ടിത്തുടങ്ങിയത്. ശക്തമായ തൊഴിൽ നിയമങ്ങൾ ഇന്ത്യയിൽ ഉള്ളത് കൊണ്ടാണ് കോടതിവഴി അത്തരമൊരു മാറ്റം ഉണ്ടാക്കാൻ സാധിച്ചത് തന്നെ.  അല്ലാതെ അത് ഔദാര്യമായി പത്ര ഉടമകൾ നൽകുക ആയിരുന്നില്ല.‌ തൊഴിൽനിയമങ്ങളെ ഓരോന്നായി സർക്കാർ കൈവെച്ച് തുടങ്ങുമ്പോൾ തുടക്കത്തിൽ ബാധിക്കുക കായികാധ്വാനം ആവശ്യപ്പെടുന്ന തൊഴിൽ മേഖലകൾ ആണെങ്കിലും പിന്നീട് എല്ലാവരെയും ബാധിക്കും എന്നത് ഉറപ്പ്. എന്നും ട്രിവിയൽ ആയ വിഷയങ്ങൾ മാത്രം പത്രങ്ങളിലും ചാനലുകളിലും ചർച്ച ചെയ്താൽ മതിയോ എന്ന് ആത്മപരിശോധനയെങ്കിലും  നടത്താൻ തയ്യാറാവുക.

കർഷകർക്കിടയിലൊക്കെ പ്രവർത്തിക്കാനും അവരെ പ്രചോദിപ്പിക്കാനും തയ്യാറായി വിജൂ കൃഷ്ണന്മാർ ഉണ്ടാകാതിരിക്കാനാണ്, ഒരു തരത്തിലും മുതലാളിത്ത ഹെജിമെണിയെ ആരും ചാലെഞ്ച് ചെയ്യാതിരിക്കാനുമാണ് ജെ.എൻ.യു പോലുള്ള അക്കാദമിക് സ്ഥാപനങ്ങളെ തകർത്ത് കളയാൻ സർക്കാറും ഹിന്ദുത്വയും ശ്രമിക്കുന്നത്. അതിൽ വിജയിച്ചാല്പോലും സമൂഹത്തിന്റെ ഉള്ളിൽ നിന്ന് നേരിട്ട് നാരായണ ഗുരുക്കന്മാർ ഉണ്ടായിവരുന്നത് തടയാൻ ഇവർക്ക് സാധിക്കുമോ? സംശയമാണ്.

Post a Comment

أحدث أقدم