
രാജ്യ പുരോഗതിക്ക് ഏറ്റവും വലിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ശാഖകളാണ് ആരോഗ്യമേഖല,വിദ്യാഭ്യാസ മേഖല,പ്രതിരോധ മേഖല,ഭക്ഷ്യ-കൃഷി മേഖല,ബാങ്കിങ്,തൊഴിൽ തുടങ്ങി അനേകം മേഖലകൾ. ഒരു സംവിധാനം തകരാറായാൽ സമൂഹം തന്നെ വലിയ പടുകുഴിയിലേക്ക് വീഴും. അങ്ങനെയൊന്നു ഉണ്ടാവാതിരിക്കാനാണ് എല്ലാത്തിനും ഒരു നടത്തിപ്പ് നിയമവും, നിർവഹണവും ഉണ്ടാക്കിയിട്ടുള്ളത്. അതെല്ലാം പ്രവർത്തനക്ഷമം ആണോ എന്നത് ഓരോ പൗരനും ചിന്തിക്കേണ്ട ഒരു കാര്യമാണ്.
പ്രവർത്തന രഹിതത്തെ കുറിച്ച് നമ്മൾ വാചാലരാവുമ്പോൾ,ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം,അത്തരത്തിലൊന്നു ശ്രദ്ധയിൽ പെട്ടാൽ എന്ത് ചെയ്യണമെന്നതാണ്. ഒരുദാഹരണത്തിനു, നമ്മൾ രോഗചികിത്സക്ക് ഒരു ഡോക്ടറുടെ അടുത്തു പോവുകയാണെന്ന് കരുതുക. ആ ഡോക്ടറുടെ പെരുമാറ്റമോ രീതിയോ നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ നമുക്ക് വേറെ ഡോക്ടറെ കാണാം. ഗൗരവമായ എന്തെങ്കിലും കൃത്രിമത്വം ആ ഡോക്ടർ ചെയ്യുന്നുണ്ടെങ്കിൽ നമുക്ക് അവരുടെ ബോർഡിലേക്കും മറ്റും പരാതി നൽകാം,പോലീസിൽ പരാതി നൽകാം. അഴിമതിയോ,കള്ളത്തരമോ അങ്ങനെന്തോ ആവട്ടെ അതിനെ ചെറുക്കാനൊരു നിയമവും,നിയമനിർവഹണ സമിതിയും,സ്ഥാപനവും ഉണ്ട്. ഒരു ഡോക്ടറുടെ മേൽ വരുന്ന പരാതി,ആ വ്യക്തിയെ തീർച്ചയായും നല്ല രീതിയിൽ പ്രവർത്തിക്കാനും,കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് ഉയർത്തുവാനും കഴിയും.
നിങ്ങൾക്ക് ലഭിക്കുന്ന ഭക്ഷണ പദാര്ഥങ്ങളിലോ,അതിന്റെ ലഭ്യതയിലെ എന്തെങ്കിലും പ്രശനമുണ്ടെങ്കിൽ പരിഹാരം ആവശ്യപ്പെടാൻ നിയമം ഉണ്ട്. തൊഴിലിടത്തിൽ നിങ്ങൾക്ക് തൊഴിലാളി യൂണിയനുകൾ ഉണ്ട്.എല്ലാ മേഖലകളിലും ഉണ്ട്. പക്ഷെ വിദ്യാഭ്യാസമേഖലയിൽ മാത്രം അത് കുറവാണു.
ഒരു വിദ്യാർത്ഥിക്ക് തനിക്ക് കിട്ടുന്ന വിദ്യാഭ്യാസം നിലവാരമില്ലാത്തതാണെന്നു പറയാൻ,ബോധിപ്പിക്കാനോ,രേഖപെടുത്താനോ ഒരു മാർഗം ഇല്ല. ഇനി എവിടെയെങ്കിലും അതിനൊരവസരം നൽകിയാൽ,അതെങ്ങനെ വിലയിരുത്തണം എന്ന് ആർക്കുമറിയില്ല. എല്ലാത്തിലുമുപരി,ഒരു സമൂഹത്തെ മുന്നോട്ട് നയിക്കുന്നതിൽ ഏറ്റവും വലിയ പങ്കുള്ള അധ്യാപനത്തിനു നിലവാര സൂചിക എന്നൊന്ന് ഇല്ല.
ഒരധ്യാപകൻ വിലയിരുത്താൻ ഒരു വിദ്യാർത്ഥിക്കോ,മറ്റൊരു അധ്യാപകനോ,ഒരു സ്ഥാപനത്തിനോ,എന്തിനു ഒരു സമൂഹത്തിനു പോലും കഴിയുന്നില്ല. കാലക്രമേണ നല്ലതു മാത്രം അവശേഷിക്കുന്ന രീതിയിലാണ്,എല്ലാ അധ്യാപകരും നന്മയുടെയും അറിവിന്റെയും അക്ഷയഖനികൾ ആണെന്ന് എഴുതപ്പെടുന്നത്.
സ്‌കൂൾ തലത്തിൽ തൊട്ടു,ഉപരിപഠനത്തിൽ വരെ അധ്യാപനം എന്നത്,കേവല ഒരു വ്യക്തിയുടെ അറിവിന്റെ അളവായി മാത്രം പരിഗണിക്കപ്പെടുന്ന തലത്തിലേക്ക് ചുരുങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ആരും അതിലൊരു മാറ്റം ഉണ്ടാക്കാനാവില്ല എന്ന മിഥ്യാധാരണ പുലർത്തിവരുന്നത് കൊണ്ടാണ്.
കേരളത്തിലെ അവസ്ഥ വളരെ പരിതാപകരം ആണ്. പുസ്തകത്തിലെ വരികളും സമവാക്യങ്ങളും കാണാതെ പഠിച്ചു ഉത്തരക്കടലാസിൽ ഛർദ്ദിക്കുന്നതിൽ മാത്രം മികവ് കണ്ടാൽപോര എന്നത് കൊണ്ടാണ് ഗ്രെയ്സ് മാർക്കുകളും, ഇന്റെര്ണല് മാർക്കുകളും വന്നിരിക്കുന്നത്. ഒരാളുടെ ഒരു രാത്രിയിലെ കഴിവ് മാത്രമല്ല,മറിച്ചു മൊത്തത്തിലുള്ള അവലോകനം കണക്കിലെടുത്തെ പറ്റൂ എന്ന തിരിച്ചറിവിൽ നിന്നാണ് ഇന്റെര്ണല് സിസ്റ്റവും,കോണ്ടിന്വസ് ഇവാല്യൂവേഷൻ എന്ന രീതിയും ഉണ്ടാക്കിയത്. എത്രയിടങ്ങളിൽ അത് വ്യക്തിപരമായി അധ്യാപകരുടെ ഇഷ്ട്ടാനിഷ്ടങ്ങൾക്ക് പാത്രമാവാതിരിക്കുന്നില്ല? എത്രയിടങ്ങളിൽ അത് വ്യക്തിവൈരാഗ്യത്തിനുള്ള ഉപാധിയായി മാറാതിരിക്കുന്നില്ല? എത്രയിടങ്ങളിൽ അവ വിദ്യാർത്ഥികളുടെ മേലുള്ള അധ്യാപകരുടെ ഊരാക്കുടുക്കാവുന്നില്ല?
ഞാൻ പറയുന്നതിന്റെ സാരാംശം മനസ്സിലായിട്ടില്ലാത്തവർക്ക് ഒരു ചെറിയ ചോദ്യം തരാം. "ഒരു അധ്യാപകനെ ഒരു വിദ്യാർത്ഥി അധ്യാപനത്തിന്റെ,സ്വഭാവഗുണത്തിലോ,പഠനവസ്തുതകളിലോ മറ്റും ചോദ്യം ചെയ്യുന്നത് എവിടെയെങ്കിലും രേഖപ്പെടുത്തിയതായി നമ്മുടെ ചരിത്രത്തിലുണ്ടോ?"
സഹിഷ്ണുതവാദികളായ ആർഷ സംസ്കാര പ്രിയരേ,ഗുരുപ്രീണനം നടത്തുന്നത് മാത്രം ശ്രദ്ധിക്കാതിരിക്കുക,ചെവികൊടുക്കാതിരിക്കുക.
A Food for thought!
إرسال تعليق