അനിൽ മാഷിന്റെ ഫേസ്‌ബുക്ക് കുറിപ്പാണു.
വളരെയധികം ഇഷ്ട്ടപെട്ട ഒരെണ്ണം.
അനിൽ പയ്യപ്പിള്ളി വിജയൻ
ഫേസ്ബുക് പ്രൊഫൈൽ : https://www.facebook.com/anilkumarpayyappilly.vijayan
വളരെയധികം ഇഷ്ട്ടപെട്ട ഒരെണ്ണം.
തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം (The Poverty of Philosophy).
ഇടതുപക്ഷം എന്ന് സ്വയം വിശ്വസിക്കുന്ന ന്യൂനപക്ഷമായ ഒരുപറ്റം വിദ്യാർത്ഥി സുഹൃത്തുക്കളെ ഉദ്ദേശിച്ചാണ് ഇതെഴുതുന്നത്. ഇതിന് കൊടുത്ത ടൈറ്റിൽ നിങ്ങൾക്ക് ഒരു പക്ഷെ അപരിചിതമായിരിക്കാം. പക്ഷെ മാർക്സിസ്റ്റ് ലിറ്ററേച്ചർ പരിചയമുള്ളവർക്ക് സുപരിചിതമായ ഒരു ടൈറ്റിൽ ആണിത്. ഫ്രഞ്ച് ചിന്തകനായ പിയർ-ഴൂസേ പ്രുധോണിന്റെ (Pierre-Joseph Proudhon) "ദാരിദ്ര്യത്തിന്റെ തത്വശാസ്ത്രം" (പൂർണ്ണ രൂപം The System of Economic Contradictions, or the Philosophy of Poverty) എന്ന കൃതിക്ക് കാൾ മാർക്സ് എഴുതിയ പ്രശസ്തമായ മറുപടി പുസ്തകത്തിന്റെ പേരാണ് "തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം" (The Poverty of Philosophy).ഇതിപ്പോൾ ഓർക്കാൻ, എന്നല്ലേ? കാരണമുണ്ട്. ഫാഷിസത്തിനെ, അതിന്റെ രീതിശാസ്തത്തെ (method), അതിന്റെ പ്രയോഗരീതികളെ (praxis) ജനാധിപത്യമായും സോഷ്യലിസമായും അവതരിപ്പിക്കുന്ന ആ മെയ്വഴക്കം കണ്ടപ്പോൾ അറിയാതെ ഓർത്തുപോയതാണ്. ഫാഷിസത്തിനെ ജനാധിപത്യമായി അവതരിപ്പിക്കുന്ന ആ ശൈലി വിളിച്ചോതുന്നത് തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യമല്ല. മറിച്ച് തത്വശാസ്ത്രത്തിന്റെ കേവലമായ ക്ഷാമം ആണ്. ക്ഷാമം എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത് എന്നതിനെക്കുറിച്ച് നോബൽ സമ്മാന ജേതാവായ എക്കണോമിസ്റ് അമർത്യ സെൻ വിശദമായി പഠിച്ചിട്ടുണ്ട്. അത് വായിച്ചാൽ എങ്ങനെയാണ് തത്വശാസ്ത്രത്തിന്റെ ക്ഷാമം നിങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെട്ടത് എന്ന് കൃത്യമായി മനസ്സിലാക്കാം!
ഓർമ്മയിൽ വന്ന മറ്റൊരു പേര് പറയാം. സിഗ്മണ്ട് ഫ്രോയിറ്റ് (Sigmund Freud). മനോവിശ്ലേഷണം (psychoanalysis) എന്ന കല വികസിപ്പിച്ചെടുത്തവരിൽ ഏറ്റവും അഗ്രഗണ്യൻ. ഇരുപതാം നൂറ്റാണ്ടിലെ യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റുകൾ (പാർട്ടി മെഷീനറിയുടെ ഭാഗമായ യാന്ത്രിക കമ്മ്യൂണിസ്റ്റുകൾ എന്നും പറയാം) പുച്ഛത്തോടെ നോക്കിയിരുന്ന ഒരു ചിന്തകൻ. അതേസമയം തന്നെ ഇരുപതാം നൂറ്റാണ്ടിലെ ഇടതുപക്ഷ ചിന്തയെ ജൈവികമായി വികസിപ്പിച്ച ചിന്തകരിൽ പലരും വളരെ ഗൗരവത്തോടെ വായിച്ച ഒരു ചിന്തകൻ.
എന്തുകൊണ്ട് ഫ്രോയിറ്റ്, എന്നല്ലേ? ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും കരുത്തനായ മാർക്സിസ്റ്റ് ചിന്തകനെ, സ്ളാവോയ് ഷീഷെക്കിനെ (Slavoj Zizek), തന്നെ ക്വോട്ട് ചെയ്യാം. പണി എളുപ്പമുണ്ടല്ലോ. "സ്വപ്നങ്ങളുടെ വിചിത്രമായ യുക്തി ആവിഷ്ക്കരിക്കുന്നതിന് വേണ്ടി, കടം വാങ്ങിയ കെറ്റിലിനെക്കുറിച്ചുള്ള ആ പഴയ തമാശ ഫ്രോയിറ്റ് ഉപയോഗിച്ചിട്ടുണ്ട്: (1) ഞാൻ നിങ്ങളുടെ അടുത്ത് നിന്ന് ഒരിക്കലും കെറ്റിൽ കടം വാങ്ങിയിട്ടില്ല, (2) ഞാൻ പൊട്ടാതെ തന്നെയാണ് അത് നിങ്ങൾക്ക് നൽകിയത്, (3) ആ കെറ്റിൽ എനിക്ക് നിങ്ങളിൽ നിന്ന് കിട്ടിയ സമയത്ത് തന്നെ അത് പൊട്ടിയിട്ടുണ്ടായിരുന്നു. പരസ്പരവിരുദ്ധമായ വാദഗതികളുടെ ഈ അവതരണം പ്രസ്തുത വാദഗതികൾ എന്തിനെയാണോ നിരാകരിക്കാൻ ശ്രമിക്കുന്നത് അതിനെ ഊട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. അതായത്, ഞാൻ നിങ്ങൾക്ക് പൊട്ടിയ കെറ്റിൽ ആണ് തിരിച്ച് നൽകിയത് എന്ന വസ്തുത." (In order to render the strange logic of dreams, Freud quoted the old joke about the borrowed kettle: (1) I never borrowed a kettle from you, (2) I returned it to you unbroken, (3) the kettle was already broken when I got it from you. Such an enumeration of inconsistent arguments, of course, confirms exactly what it attempts to deny—that I returned a broken kettle to you.) കാര്യം തിരിഞ്ഞില്ല എങ്കിൽ ഒന്നുകൂടെ വ്യക്തമാക്കാം. ഇങ്ങനെ ഒരു പശ്ചാത്തലം സങ്കൽപ്പിക്കുക. A എന്ന വ്യക്തി X എന്ന വ്യക്തിയിൽ നിന്നും ഒരു കെറ്റിൽ കടം വാങ്ങുന്നു. ഉപയോഗിച്ചതിന് ശേഷം തിരിച്ച് നൽകുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം കെറ്റിലിലെ അതുവരെ കാണാത്ത പൊട്ടൽ ശ്രദ്ധയിൽ പെട്ട X എന്ന വ്യക്തി A എന്ന വ്യക്തിയോട് അതെങ്ങനെ സംഭവിച്ചു എന്ന് ചോദിക്കുന്നു. അതിന് A നൽകുന്ന മറുപടികളാണ് മുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ തമാശ ഷീഷെക്ക് ഓർത്തെടുത്ത് വെറും തമാശക്ക് വേണ്ടിയല്ല. ഇറാഖിനെ അന്യായമായി ബോം ചെയ്യാൻ അമേരിക്ക തീരുമാനിച്ചപ്പോൾ അവരുടെ വാദഗതിയിലെ പരസ്പരവിരുദ്ധത ചൂണ്ടിക്കാണിക്കാനാണ് ഈ തമാശ അദ്ദേഹം ഓർത്തെടുത്തത്. യുദ്ധത്തിന് ആദ്യ കാരണമായി പറഞ്ഞത് സദ്ദാമും അൽ ക്വയ്ദയും തമ്മിലുള്ള ലിങ്ക് ആയിരുന്നു. അത് പിന്നെ വെസ്റ്റ് ഏഷ്യയിൽ ഇറാഖ് ഉയർത്തുന്ന ഭീഷണിയായി മാറി. പിന്നെ ലോകജനതക്ക് ഇറാഖിന്റെ weapons of mass destruction ഉണ്ടാക്കുന്ന ഭീതിയെക്കുറിച്ചുള്ള ആഖ്യാനമായി മാറി. ഇന്ന് എല്ലാവർക്കും അറിയാം എന്തിനായിരുന്നൂ ആ പുകിലൊക്കെയും എന്ന്: യുദ്ധമോ യുദ്ധഭീഷണിയെക്കുറിച്ചുള്ള ആഖ്യാനമോ ഇല്ലാതെ നിലനിൽക്കാൻ കഴിയാത്ത അമേരിക്കയുടെ മിലിറ്ററി-ഇൻഡസ്ടറി കോംപ്ലെക്സിന്റെ സവിശേഷമായ സാമ്പത്തിക രാഷ്ട്രീയ സംരക്ഷണത്തിന് വേണ്ടി.
പിന്നെ പരസ്പരവിരുദ്ധമായ യുക്തികൾ വ്യാപകമായി കണ്ടത് നോട്ട് നിരോധന സമയത്ത് സംഘപരിവാർ ന്യായീകരണ ഫാക്റ്ററിയിൽ നിന്നായിരുന്നു. സിസ്റ്റം വെളുപ്പിക്കൽ. തിരിച്ചു വരാൻ സാധ്യതയില്ലാത്ത മൂന്നു ലക്ഷം കോടി കൊണ്ട് (അതോ നാല് ലക്ഷമോ? ആ, സുരേന്ദ്രനറിയാമായിരിക്കും!) നാട് മുഴുവൻ പാലും തേനും ഒഴുക്കൽ. കള്ളപ്പണം പിടിക്കൽ. കള്ളനോട്ടടി തടയൽ. തീവ്രവാദം തടയൽ. തള്ളൽ, തള്ളൽ, തള്ളൽ. എന്തിനായിരുന്നൂ ഈ പുകിലൊക്കെയും? തുടർന്നുള്ള ഇലക്ഷനുകളിൽ പ്രതിപക്ഷ പാർട്ടികൾക്ക് cash crunch ഉണ്ടാക്കി എന്നതൊഴിച്ചാൽ പൊതുജനങ്ങൾക്ക് എന്തായിരുന്നൂ പ്രസ്തുത സാഹസം കൊണ്ട് പ്രയോജനം?
അതിന് ശേഷം അടപടലേ അഴകൊഴമ്പൻ ന്യായങ്ങൾ കണ്ടത് കോളേജ് ഇലക്ഷൻ ദിവസമായിരുന്നൂ! ആദ്യ ആവശ്യം: റീ കൗണ്ടിങ് വേണം. 10 വോട്ടിനു താഴെ വിന്നിങ് മാർജിൻ ഇല്ലാത്തതിനാൽ അത് അനാവശ്യമാണെന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. വിദ്യാർത്ഥികളുടെ ധാർമ്മികരോക്ഷം വർദ്ധിക്കുന്നു. അവർ റീകൗണ്ടിങ് എന്ന വാദഗതിയിൽ തന്നെ ഉറച്ച് നിൽക്കുന്നു. അധികൃതർ ഡീനിന്റെ അനുമതി തേടുന്നു. കീഴ്വഴക്കത്തിന് വിരുദ്ധമായി റീ കൗണ്ടിംഗ് നടത്താം എന്ന് ഡീൻ സമ്മതിക്കുമ്പോൾ, അതാ വരുന്നു 'മണിച്ചിത്രത്താഴ്' സ്റ്റൈലിൽ കട്ട ഡയലോഗ്: 'അതെന്താ നേരത്തെ റീകൗണ്ടിങ് നടത്തിയാൽ?' അതിനുത്തരം പറയുമ്പോൾ, 'ഞങ്ങൾക്ക് റീകൗണ്ടിങ്ങിൽ വിശ്വാസം ഇല്ല' എന്നാകുന്നു. പിന്നെ പതിയെ ബാലറ്റ് ബോക്സിൽ വിശ്വാസം ഇല്ലാതാകുന്നു. സ്ട്രോങ്ങ് റൂമിൽ വിശ്വാസം ഇല്ലാതാകുന്നൂ. ഇലക്ഷനിൽ വിശ്വാസം ഇല്ലാതാകുന്നു.
അധ്യാപകരിൽ വിശ്വാസം ഇല്ലാതാകുന്നു. സംഭവം കുശാലാകുന്നു. കാര്യങ്ങൾ കൊഴുക്കുന്നു.
വലിയ കാര്യങ്ങളിലേക്ക് വരുന്നതിന് മുൻപ് ചെറിയ ഒരു കാര്യത്തിന് മറുപടി. മറ്റുള്ള അധ്യാപകരുടെ കാര്യം പറയാൻ ഞാനാളല്ല. എന്റെ കാര്യം പറയാം. തെറി വിളിയും ഭീഷണിയും കേട്ട് എനിക്ക് ചിരിയാണ് വന്നത്. കാരണം നിങ്ങൾ വിളിക്കുന്ന തെറിക്കും അപ്പുറത്തുള്ള മരയൂളയാണ് ഞാനെന്ന സ്വയം ബോധ്യം എനിക്കുള്ളത് കൊണ്ട് (ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ജെനിറ്റിസിസ്റ് (geneticist) ആയ David Reichന്റെ "Who We Are and How We Got Here" എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നത് നമ്മൾ ആധുനിക മനുഷ്യർ നിയാണ്ടർത്താൽ മനുഷ്യന്റെ വരെ ജനിറ്റിക് ഘടകങ്ങൾ കൊണ്ടുനടക്കുന്നവർ ആണെന്നാണ്. നമ്മളുടെ ശരീരത്തിന്റെ സോഫ്ട്വെയറിന്റെ ബഹുസ്വരതയെ (polyphony) സൂചിപ്പിക്കാൻ അദ്ദേഹം വാൾട്ട് വിറ്റ്മാൻ (Walt Whitman) എന്ന അമേരിക്കൻ കവിയുടെ "Song of Myself" എന്ന കവിതയിലെ ഒരു വരി ഉദ്ധരിക്കുന്നുണ്ട്: "I am large, I contain multitude”).
പിന്നെ ഭീഷണിയുടെ കാര്യം. ഒരു തരത്തിലുള്ള സംഘഭീഷണിക്കും വഴങ്ങി കൊടുക്കില്ല എന്ന് തീരുമാനിച്ചിട്ട് കാലം കുറച്ചായി. ഇന്ന് ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ദേശീയ നേതൃത്വത്തിലുള്ള ഒരു വ്യക്തിക്ക് പ്രത്യയശാസ്ത്ര വിയോജിപ്പുകൾ മാറ്റി വെച്ച്, സ്വന്തം ജീവൻ പണയം വെച്ച്, സംഘപരിവാറിന്റെ സംഘബലത്തിൽ നിന്നും സംരക്ഷണം കൊടുത്തിട്ടുണ്ടെന്ന് കൂട്ടിക്കോളൂ. അതും തലശ്ശേരിയിൽ വെച്ച്. അതും പരസ്പരം കൊന്ന് സ്കോർ ഷീറ്റ് വലുതാക്കുന്ന ഒരു സമ്മോഹന കാലത്ത്.
അതുകൊണ്ട്, കയ്യും കാലുമല്ല, തല തന്നെ വെട്ടുമെന്ന് പറഞ്ഞാലും ഫയക്കില്ല മക്കളേ. കാരണം കൂടെ ആൾക്കൂട്ടം ഉണ്ടെന്ന സംഘബോധത്തിൽ നിന്നും, സംഘബലത്തിൽ നിന്നും വരുന്നതല്ല എന്റെ രാഷ്ട്രീയ കാഴ്ചപ്പാട്. അത് എന്റെ രാഷ്ട്രീയബോധ്യത്തിൽ നിന്നും വരുന്നതാണ്. അത്തരം രാഷ്ട്രീയബോധ്യങ്ങൾ ഇല്ലാത്തവർ നടത്തുന്നതാണ് പരസ്പരവിരുദ്ധമായ യുക്തികൾ ഉപയോഗിച്ചുള്ള വാദങ്ങൾ. ഭീരുത്വത്തിൽ നിന്ന്, ആശയ ദാരിദ്ര്യത്തിൽ നിന്ന്, ആന്തരിക ശൂന്യതയിൽ നിന്ന് വരുന്നതാണ് മറ്റുള്ളവരെ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനും ഉള്ള ത്വര. ഭീഷണിപ്പെടുത്തൽ, ഭയപ്പെടുത്താൽ എന്നിവ എല്ലാക്കാലത്തും ഫാഷിസ്റ്റുകൾ അവലംബിച്ചിട്ടുള്ള കലയാണ്. അതുകൊണ്ട് അടുത്ത തവണയെങ്കിലും മുദ്രാവാക്യം ഒന്ന് മാറ്റി പിടിച്ചാൽ കേൾക്കാൻ ഒരു രസമൊക്കെ ഉണ്ടാകും. അല്ലെങ്കിൽ നിങ്ങൾ ഫാഷിസ്റ്റ് രീതികൾ ആയുഷ്ക്കാലപ്പാട്ടത്തിനെടുത്ത ആൾക്കൂട്ടമാണെന്നേ ഗ്യാലറിയിലിരിക്കുന്നവർക്ക് തോന്നൂ!
തെറിവിളി എന്നെ ഏശുന്നില്ലെങ്കിലും, വിളിച്ച തെറിയുടെ രാഷ്ടീയം എനിക്ക് പ്രശ്നമുണ്ട്. തെറി വിളിക്കുമ്പോൾ പൊളിറ്റിക്കൽ കറക്ട്നെസ്സ് പാലിക്കണം. കാരണം തെറി വിളി ഒരു വലിയ രാഷ്ടീയ പ്രവർത്തനമാണ്. തെറിവിളി എന്ന രാഷ്ട്രീയപ്രവർത്തനത്തിനെക്കുറിച്ച് ഭൂരിഭാഗം പേരും അജ്ഞരാണെങ്കിലും, സാംസ്കാരികപഠനങ്ങളിൽ വ്യാപൃതർ ആയവർ വളരെ ശക്തമായി കുറേകാലമായി സിദ്ധാന്തവൽക്കരിച്ച ഒന്നാണ് തെറിവിളി. കേരളം പോലുള്ള ഒരു ഫ്യൂഡൽ സമൂഹത്തിൽ തെറിയായി സവർണ്ണലോകം അടയാളപ്പെടുത്തിയത് കീഴാളജീവിത പരിസരത്തെയും, അവരുടെ നിത്യജീവിത ഭാഷ വ്യവഹാരത്തെയും ആണ്. അതുകൊണ്ടാണ് "അട്ടപ്പാടിയും" "ലക്ഷംവീടും" "കടപ്പുറം ടീമും" "പെറുക്കിയും", "കാട്ടുജാതിയും" ഒക്കെ നമ്മുടെ ഭാഷയിലെ നികൃഷ്ഠപദങ്ങൾ ആകുന്നത്. അതുകൊണ്ടാണ് "പുലയാടി" എന്നത് തെറി പദം ആകുമ്പോൾ, നായർ എപ്പോഴും നല്ലതാകുന്നത്, നല്ല നായർ പെൺകുട്ടി, നല്ല നായർ തറവാട് എന്നിങ്ങനെ. അതുകൊണ്ടാണ് 'വെടി' എന്നത് സ്ത്രീകളെ മാത്രം നോക്കി വിളിക്കുന്ന ഒരു തെറിയായത് (ഇതിനെ പൊളിക്കാൻ കീഴാളസമൂഹങ്ങളിൽ നിന്നും വരുന്ന ചില സ്ത്രീകൾ ആണുങ്ങളെ നോക്കി "ഡാ വെടി" എന്ന് ഇന്ന് വിളിക്കുവാൻ തുടങ്ങിയിട്ടുണ്ട്). മനുഷ്യശരീര അവയവങ്ങളും അവയുമായി ബന്ധപ്പെട്ട ജൈവിക പ്രക്രീയകളും കീഴാളർ ദ്രാവിഡ ഭാഷയിൽ അടയാളപ്പെടുത്തിയതെല്ലാം അശ്ളീലമായി പരിണമിക്കുകയും, അതൊക്കെ സംസ്കൃതത്തിലോ ആംഗലേയത്തിലോ മൊഴിഞ്ഞാൽ സംഭവം ശ്ലീലം ആകുകയും ചെയ്തു. അങ്ങനെ വദനസുരതവും ടോയ്ലറ്റിൽ പോക്കും മാന്യവും, അവയുടെ ദ്രാവിഡ രൂപം എഴുതാൻ കൊള്ളാത്തതും ആയി (ഈ കപടത ഒരുസ്വാഭാവിക സാംസ്കാരിക അനുഭവമായി കൊണ്ടുനടക്കുന്ന ഒരു ജനതയ്ക്ക് മാത്രമേ ഒ. വി. വിജയൻ "പ്രജാപതിക്ക് തൂറാൻ മുട്ടി" എന്നെഴുതുമ്പോൾ ഞെട്ടലും വിപ്ലവത്തിന്റെ തിക്കമുട്ടലും ഒക്കെ ഉണ്ടാവൂ!) അങ്ങനെ കാര്യങ്ങളെ സംസ്കൃതവൽക്കരിക്കുന്നവർ സംസ്കാരസമ്പന്നർ ആയി! ആ സംസ്ക്കാരം നമ്മൾ പ്രളയസമയത്ത് ശ്ശി ദർശിച്ചതാണല്ലോ! (ദിലീപ് രാജ് പറഞ്ഞത് പോലെ, പ്രളയം വന്നപ്പോൾ നമ്മൾ കണ്ടതാണ് എജ്യൂക്കേറ്റഡ് എന്ന് പറയുന്നത് തന്നെ എന്തുമാത്രം അശ്ലീലമാണെന്ന്.)
രണ്ട് രീതിയിലുള്ള തെറിവിളിയുണ്ട്. ഒന്ന് മേലാളർ കീഴാളജീവിതത്തെ നോക്കി വിളിക്കുന്നത്. അത് ഫ്യൂഡൽ അവബോധം പേറുന്നതാണ്. രണ്ടാമത്തേത് കീഴാളർ മേലാളരെ നോക്കി വിളിക്കുന്ന, "ഊറ കള്ള് നാറും തെറി" (വൈലോപ്പിള്ളി ശ്രീധരമേനോന്റെ "കുടിയൊഴിക്കലി"ലെ പ്രയോഗം). ചിലപ്പോൾ ഭക്തിയുടെ ഏറ്റവും ഉത്തുംഗശൃംഗത്തിലും തെറി വിളി കാണാം.കൊടുങ്ങല്ലൂർ ഭരണി കാവിൽ കോമരങ്ങൾ ഉറഞ്ഞു തുള്ളുമ്പോൾ സംഭവിക്കുന്നത് പോലെ (ബൈബിളിലെ പഴയ വേദപുസ്തകം (The Old Testament) ഗൗരവമായി വായിച്ചവർക്ക് ഈ തെറിവിളിയുടെ യുക്തി മനസ്സിലാകും. Holy, holy, holy is the Yahweh Saboath എന്നുള്ള ഇംഗ്ലീഷ് വാക്യത്തിലെ holy എന്നതിന്റെ ഹീബ്രുവിലെ മൂലരൂപം Qadosh എന്നാണ്. പല ബൈബിൾ പണ്ഡിതരും പറയുന്നത് ഈ വാക്കിന് മൂലരൂപത്തിൽ രണ്ട് അർത്ഥം ഉണ്ടെന്നാണ്. ഒന്ന് sacred ആയത് എന്ന സെൻസിൽ ഉള്ളതാണെങ്കിൽ, മറ്റേത് 'other' എന്ന സെൻസ് നിർമ്മിക്കുന്നതാണ്. മറ്റൊരു സന്ദർഭത്തിൽ ബൈബിളിൽ, അതായത് തമാറിനെ ഒരു വേശ്യയായി അമ്മായിയപ്പൻ (?) തെറ്റിദ്ധരിക്കുമ്പോൾ, വേശ്യയെന്ന (the other of the social morals) അർത്ഥത്തിൽ qadosha എന്ന പദം കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്നാണ് എന്റെ വികലമായ ഒരു ഓർമ്മ. തെറ്റാണെങ്കിൽ പറയാം. റെഫർ ചെയ്യുവാൻ പറ്റിയില്ല. യഹോവയുടെ പരമമായ അപരത്വം (absolute otherness) വിഗ്രഹങ്ങളിലൂടെ പ്രതിനിധാനം ചെയ്യാൻ പറ്റാത്ത ഒരു പുരുഷ ദൈവസങ്കല്പം ആണ് ജൂതന്മാർക്ക് നല്കിയതെങ്കിൽ, തെറി മാത്രം മനസ്സിലാകുന്ന (അല്ലെങ്കിൽ തെറിയോട് പോലും തിരിച്ച് പ്രതികരിക്കാത്ത, തെറി വിളിച്ചിട്ട് പോലും തങ്ങളുടെ ജീവിതദുര്യോഗം ഉൾകൊള്ളാത്ത) പരമമായ അപരത്വത്തിന്റെ ഒരു മാതൃദേവത സങ്കല്പം ആണ് പല കീഴാളജനവിഭാഗങ്ങൾക്കുമുള്ളത്. ബ്രാഹ്മണ സാഹിത്യത്തിലും തത്തുല്യമായ ഒന്ന് കാണാവുന്നതാണ്. "ബ്രിഹദാരണ്യകോപനിഷത്തി"ൽ യാജ്ഞവൽക്യൻ പരബ്രഹ്മത്തെ "നേതി, നേതി, നേതി" എന്നിങ്ങനെ അനന്തമായി നിഷേധിച്ച് നിർവചിക്കുവാൻ ശ്രമിക്കുമ്പോൾ നാം കാണുന്നത് തെറി പോലും ഏശാത്ത ഒരു നിർഗുണ തത്വത്തെയാണ്.)
പ്രധാനമായും രണ്ടുതരം തെറിവിളികൾ ഉള്ളതിനാൽ തന്നെ നിങ്ങളുടെ തെറിവിളി ഏത് ഭൂമികയിൽ നിന്നാണ് വരുന്നതെന്ന് എന്നെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ സംഗതിയാണ്. നിങ്ങളുടെ തെറിവിളി ഫ്യൂഡൽ അവബോധം പേറുന്നതാണോ അതോ പ്രതിരോധപ്രവർത്തനമാണോ എന്നത് വളരെ സംഗതമാണ്. കാരണം നമ്മൾ സംസാരിക്കുന്നത് നൈമിഷികമായ വികാരത്തള്ളിച്ചയിൽ ഒരു വ്യക്തി വിളിക്കുന്ന തെറിയെ കുറിച്ചല്ല. മറിച്ച് ഒരു സംഘടന തങ്ങളുടെ രാഷ്ട്രീയ കാഴ്ച്ചപ്പാട് വ്യക്തമാക്കി സംഘടിതമായി വിളിക്കുന്ന മുദ്രാവാക്യത്തെക്കുറിച്ചാണ്. വ്യക്തി വിളിക്കുന്ന ഫ്യൂഡൽ അവബോധം പേറുന്ന തെറികൾ അബോധ മുൻവിധികളുടെ (unconscious biases) ഉൽപ്പന്നമായി കണ്ട് നമുക്ക് മാപ്പ് നൽകാം. അത്തരം അബോധ മുൻവിധികളെ ബോധമണ്ഡലത്തിൽ കൊണ്ട് വന്ന് അവയെ വിശ്ലേഷണം ചെയ്യേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തന്നെ അതിന് വഴിപ്പെട്ടുകൊടുത്താൽ അത് മാപ്പർഹിക്കാത്ത കുറ്റകൃത്യമാണ്. ഈയൊരു കാഴ്ച്ചപ്പാടിൽ നിന്നും നോക്കുമ്പോൾ നിങ്ങളുടെ തെറിവിളി ദയനീയമായ പരാജയം ആണെന്ന് സവിനയം അറിയിക്കട്ടെ. കാരണം നിങ്ങളുടെ തെറിവിളിയുടെ ഭൂമിക ഫ്യൂഡൽ ആണ്, സവർണ്ണം ആണ്. അത് മനസ്സിലാക്കാനുള്ള രാഷ്ട്രീയ വിദ്യാഭ്യസം പോലും നിങ്ങൾ നേടിയെടുത്തിട്ടില്ല എന്നത് വളരെ നിരാശാജനകമാണ്.
ഉദാഹരണത്തിന് നിങ്ങൾ ഉപയോഗിച്ച "ചെറ്റ" എന്ന പദം എടുക്കാം (ക്ഷമിക്കണം, ഇതിന്റെ വിശദീകരണത്തിനായി ഞാൻ സ്റ്റാലിൻ നാടുകടത്തിയ, ലോകപ്രശസ്ത റഷ്യൻ ഭാഷാശാസ്ത്രജ്ഞനായ റൊമാൻ യാക്കോബ്സന്റെ (Roman Jakobson) ആശയ സങ്കല്പങ്ങൾ കടമെടുക്കുന്നുണ്ട്. ഇതിങ്ങനെയല്ലാതെയും പറയാം. പക്ഷെ സ്റ്റാലിൻ നാട് കടത്തിയ ഒരാളുടെ ആശയം ആകുമ്പോൾ ഒരു പ്രത്യേക സുഖമുണ്ട്! അതോണ്ടാ.)
ഒരു metonymy എന്ന നിലയിൽ "ചെറ്റ" എന്ന പദം "ചെറ്റക്കുടിൽ" എന്ന പദത്തിന്റെ സംക്ഷേപം (condensation) ആണ്. ഒരു metaphor എന്ന നിലയിൽ "ചെറ്റ" ബദൽ പ്രതിനിധാനം (substitution) ചെയ്യുന്നത് ചെറ്റക്കുടിലിൽ ജീവിക്കുന്ന അരിക്/കീഴാള ജീവിതങ്ങളെയാണ്. രണ്ടും കൂട്ടി വായിക്കുമ്പോൾ, വളരെ അപകടം പിടിച്ച ഒരു സംഗതിയാണ് സ്വാതന്ത്ര്യത്തിനും സോഷ്യലിസത്തിനും ജനാധിപത്യത്തിനും വേണ്ടി പോരാടുന്ന ഒരു സംഘടന മുദ്രാവാക്യമായി വിളിച്ച ആ വാക്ക്. ചെറ്റ എന്നത് ഒരു മോശം അനുഭവം ആകുന്നത് ചെറ്റകുടിലിൽ താമസിക്കുന്നവർക്കാണോ മാളികയിൽ താമസിക്കുന്നവർക്കാണോ എന്ന ഒരു ചെറു ചോദ്യം സ്വയം ചോദിച്ചാൽ മതി, കുറെയേറെ മനോരോഗം കുറഞ്ഞചിലവിൽ പരിഹരിക്കുവാൻ പറ്റും. നിങ്ങൾ മാളികയിൽ നിന്ന് താഴോട്ട് നോക്കി പഴയ ഫ്യൂഡൽ തമ്പ്രാൻ കണക്കെ തെറി വിളിച്ചൂ എന്നൊന്നും ഞാൻ പറയില്ല. പക്ഷെ ആ വാക്കിൽ തമ്പുരാന്റെ ഫ്യൂഡൽ താൻ പോരിമയും പരപുച്ഛവും ആവശ്യത്തിലധികം ചരിത്രപരമായി തന്നെ അടിഞ്ഞുകൂടിയിട്ടുണ്ട്. അതിന്റെ ചിലവിൽ വിപ്ലവം നടത്താം എന്ന് വിചാരിക്കുന്നത്, വിപ്ലവത്തിനെക്കുറിച്ച് നിങ്ങൾക്കൊരു ചുക്കും അറിയാത്തതുകൊണ്ടാണ്.
മാത്രമല്ല, ഒരു പരിസ്ഥിതി സൗഹാർദ്ദ നവകേരളം സൃഷ്ടിയ്ക്കാൻ തയ്യാറെടുക്കുന്ന ഈ സമയത്ത് " ചെറ്റ" തെറിയായി ഉപയോഗിക്കുന്നത് ഒന്നാന്തരം മാളികത്തരം ആണ്. ജർമ്മൻ തത്വചിന്തയുടെ ഒരു ധാര പറയുന്നുണ്ട്, നിങ്ങൾ ലോകവുമായി ബന്ധപ്പെടുന്ന രീതി, നിങ്ങൾ ചെയ്യുന്ന തൊഴിൽ, നിങ്ങൾ ഉപയോഗിക്കുന്ന തൊഴിൽ ഉപകരണങ്ങൾ എന്നിവ വളരെ മൂർത്തമായി തന്നെ നിങ്ങളുടെ ലോകബോധവും തദ്വാരാ നിങ്ങളുടെ ലോകവും സൃഷ്ടിക്കും എന്ന്. അത് ശരിയാണെങ്കിൽ, ചെറ്റക്കുടിലിനെക്കുറിച്ച് ഞാൻ താഴെ പറയുന്നത് നിങ്ങൾക്ക് സംശയലേശമന്യേ സ്വീകരിക്കാം. കാരണം ചെറ്റക്കുടിൽ നിർമ്മിക്കാനുപയോഗിക്കുന്ന ഓല മേഞ്ഞ പരിചയം എനിക്ക് ഉണ്ട്, ആ ഓല ഉപയോഗിച്ച് വേലികെട്ടിയ പരിചയം ഉണ്ട്, ചെറ്റക്കുടിൽ ഉണ്ടാക്കാൻ ആളുകളെ സഹായിച്ച പരിചയസമ്പത്തും ഉണ്ട്. അതിന്റെ സന്തോഷത്തിൽ പറയട്ടെ, ചെറ്റക്കുടിൽ എന്നുപറയുന്നത് വളരെ പരിസ്ഥിതി സൗഹാർദ്ദവും, ഒരിക്കൽ നശിച്ചാൽ തന്നെ വലിയ മുതൽ മുടക്കില്ലാതെ പുനർനിർമ്മിക്കാവുന്നതും ആയ ഒരു തനത് പാർപ്പിടമാണ്. അതിന്റെ നിർമാണത്തിന്റെ ഭാഗമായി കുന്നോ മലയോ ഇടിച്ചുപരത്തുന്ന പരിപാടി ഇല്ല. വേനൽക്കാലത്ത് ചാണകം മെഴുകിയ അതിന്റെ തറയിൽ നട്ടുച്ചക്ക് പോലും അധികം ഉഷ്ണം ഏശാതെ കിടക്കാവുന്നതാണ്. എന്നുവച്ച് ചെറ്റക്കുടിൽ കാണാത്ത മനുഷ്യന്മാരുടെ മാതിരി അതിനെ കാലപ്പനികവൽക്കരിക്കാനൊന്നും ഞാനില്ല. അടച്ചുറപ്പ് തീരെയില്ല. അടുക്കളയും കിടപ്പറയും തമ്മിലുള്ള വ്യത്യാസം അത്ര പ്രകടമല്ല. പാറ്റ, പഴുതാര തുടങ്ങിയ പലതരം ചെറുജീവികളുടെ ശല്യം അതിനകത്തുണ്ടാകും. പലപ്പോഴും വേണ്ടത്ര വെളിച്ചം അകത്തുണ്ടാവില്ല. ശരിയായി ഓലമേഞ്ഞില്ലെങ്കിൽ, കനത്തമഴയത്ത് ചിലപ്പോഴെങ്കിലും വെള്ളം ചോരാനുള്ള സാധ്യതയും ഉണ്ട്. ഇതൊക്കെയാണെങ്കിലും, ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച ഒരു പരിസ്ഥിതി സൗഹാർദ്ദ ചെറ്റക്കുടിൽ/ചെറ്റമാളിക നമ്മുടെ മെറിറ്റോറിയസ് എഞ്ചിനീയർമാർക്ക് (സംവരണീയരായ എൻജിനീയർമാരെ തല്ക്കാലം നമുക്ക് മാറ്റി നിർത്താം. അവർക്ക് കഴിവില്ലല്ലോ!) നിർമ്മിച്ചെടുക്കുവാൻ കഴിഞ്ഞാൽ, അതിനെ പൂർണമായും പിന്താങ്ങുന്ന ഒരു പരിസ്ഥിതിവാദിയാണ് ഈയുള്ളവൻ.
"ചെറ്റ" പ്രയോഗം കേട്ട് സാമാന്യം ബോറടിച്ചപ്പോഴാണ് ഫെയ്സ്ബുക്ക് നോക്കാം എന്ന് വിചാരിച്ചത്. ദാ കിടക്കുന്നു ഉഗ്രവിഷമാർന്ന മറ്റൊന്ന്: "കുലംകുത്തി". ഉപയോഗിച്ചത് വർഗ്ഗസമരത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു എന്ന് സ്വയം വിശ്വസിക്കുന്ന ഒരു യുവസുഹൃത്താണ്. പശ്ചാത്തലം മൂപ്പരുടെ സംഘടനയിൽ ഉണ്ടായിരുന്ന ഒരു വ്യക്തി "സ്വാർത്ഥ താല്പര്യ"പ്രകാരം സംഘടനാതീരുമാനങ്ങളിൽ നിന്ന് വ്യതിചലിച്ച് സ്വന്തമായി തെരഞ്ഞെടുപ്പിനെ നേരിട്ടു. യേശുവാകണ്ട. കൂട്ടം തെറ്റിയ കുഞ്ഞാടിനെ തിരഞ്ഞു പോകണ്ട. ചുരുങ്ങിയ പക്ഷം, ജലന്ധർ ബിഷപ്പും അങ്ങേരുടെ ഫാൻസ് അസോസിയേഷനും എങ്കിലും ആവാതിരുന്നുകൂടെ?
ഒരാശയത്തെ എതിർക്കാം, ഒരാളെ എതിർക്കാം (ഒരാശയത്തിന്റെ പ്രതിനിധി എന്നനിലയിൽ). എതിർപ്പ് ഉച്ചത്തിൽ പരസ്യമായി പറയാം. മുദ്രാവാക്യം വിളിക്കാം. ആശയപ്രചരണം നടത്താം. വൈകാരികക്ഷോഭത്തോടെ സംസാരിക്കാം. ഇതെല്ലം ഇന്ത്യൻ ഭരണഘടന അനുവദിച്ചുതരുന്ന സ്വാതന്ത്ര്യമാണ്. ഇതെല്ലാം ചെയ്യുകയും വേണം. എന്നാലേ ജനാധിപത്യ വ്യവസ്ഥിതിക്ക് നിലനിൽപ്പുള്ളൂ. ഒരാളെ കുലംകുത്തിയെന്നും വിളിക്കാം. പക്ഷെ അതിന് മുൻപ് വിളിക്കുന്നയാൾ ഏതു കുലത്തിൽപ്പെടുന്നു എന്നും മൂപ്പരുടെ "കുലവിശുദ്ധി" എങ്ങനെ ലഭിക്കുന്നു എന്നും വ്യക്തമാക്കണം. ഒരാളെ എന്തിന്റെ അടിസ്ഥാനത്തിലാണ് കുലംകുത്തി എന്ന് വിളിക്കുന്നതെന്നും വ്യക്തമാക്കണം. ഇടതുപക്ഷമാണ് ആണ് ആ വാക്ക് ഉപയോഗിക്കുന്നതെങ്കിൽ, തൊഴിലാളി വർഗ്ഗം, വർഗ്ഗസമരം എന്ന വാക്കുകളും ജപിച്ചു മേലാക്കം വരരുത്. കാരണം കുലം, കുലവിശുദ്ധി, കുലംകുത്തൽ എന്നിവയ്ക്ക് മാർക്സ് സിദ്ധാന്തവൽക്കരിച്ച വ്യവസായവിപ്ലവത്തിന്റെ ആധുനിക ലോകക്രമവുമായി ബന്ധമൊന്നുമില്ല. അത് ബന്ധപ്പെട്ടുകിടക്കുന്നത് ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷൻ എന്ന മാർക്സ് വിളിച്ച മറ്റൊരു ലോകക്രമവുമായാണ്. തൊഴിലിനേയും തൊഴിലിടങ്ങളെയും ജന്മത്തിന്റെ, ജാതിയുടെ അടിസ്ഥാനത്തിൽ നിർണ്ണയിച്ച ഭാരതീയ പൈതൃകവുമായാണ് അതിന് ബന്ധം. ഇതൊന്നും മനസ്സിലാക്കാതെ ഇന്നലെ ചെയ്തൊരു അബദ്ധം ഇന്നത്തെ ആചാരമാക്കി നടക്കുന്നത് അത്ര ഭൂഷണമല്ല. ഗുണപാഠം: രണ്ടു തോണിയിൽ കാലിട്ട് പുഴയിലേക്ക് മൂത്രമൊഴിക്കരുത്. രണ്ടുതോണിയിലും മൂത്രമാവാനുള്ള സാധ്യത വളരെ ഏറെയാണ്.
വ്യക്തിയേയല്ല, വ്യക്തി പ്രതിനിധാനം ചെയ്യുന്ന ആശയത്തെയാണ് എതിർക്കേണ്ടത്. അങ്ങനെ ചെയ്യുകയാണെങ്കിൽ, കയ്യ് വെട്ടും കാല് വെട്ടും എന്നൊന്നും ഭീഷണിപ്പെടുത്തേണ്ട കാര്യമില്ല. വിയോജിക്കുന്നവരെ ഒറ്റപ്പെടുത്തേണ്ട കാര്യവുമില്ല. വിയോജിക്കുന്നവരോട് വിയോജിപ്പ് നിലനിർത്തികൊണ്ട് തന്നെ വേണമെങ്കിൽ സൗഹൃദത്തിൽ ഏർപ്പെടാം. അല്ലെങ്കിൽ അവരെ അവരുടെ പാട്ടിനു വിടാം. അങ്ങനെ ചെയ്യുകയാണെങ്കിൽ, ആരെയും ഉന്മൂലനം ചെയ്യുവാൻ തോന്നില്ല. കാരണം നിങ്ങൾക്കറിയാം വ്യക്തിയല്ല, വ്യക്തി പ്രതിനിധാനം ചെയ്യുന്ന ആശയമാണ്, ആശയത്തിന് കാരണമായ ലോകക്രമമാണ് പ്രശ്നം എന്ന്. എതിർത്ത് തോൽപ്പിക്കേണ്ടത് ലോകക്രമത്തിനെയാണ്, ആശയത്തെയാണ്. വ്യക്തികളെയല്ല.അങ്ങനെ വരുമ്പോൾ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വിജയം നിങ്ങളെ ഉന്മാദികൾ ആക്കില്ല. പരാജയം അൽപ്പം പോലും തളർത്തുകയും ഇല്ല. കാരണം നിങ്ങൾക്ക് അറിയാം നിങ്ങളുടെ ശരിയും രാഷ്ട്രീയബോധ്യവും തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അകത്തുനിൽക്കുന്ന ഒരു സംഗതി അല്ലെന്നുള്ളത്. അതിന്റെ ഭൂരിപക്ഷ ന്യൂനപക്ഷ കണക്കുകളിൽ അടയാളപ്പെടുത്താനുള്ളതല്ല നിങ്ങളുടെ ശരി. അപ്രകാരം രാഷ്ട്രീയം പയറ്റിവരായിരുന്നു ബുദ്ധനും, യേശുവും, മാർക്സും, അംബേദ്ക്കറുമെല്ലാം. ജീവിച്ചിരുന്നപ്പോൾ തങ്ങളുടെ ബോധ്യങ്ങളെ ഒരു ന്യൂനപക്ഷത്തെപ്പോലും വിശ്വസിപ്പിച്ചെടുക്കാൻ ബുദ്ധിമുട്ടിയവർ ആയിരുന്നു അവർ. അതുകൊണ്ടെന്ത്? അവരുടെ ചോദ്യങ്ങൾക്ക്, ആശയങ്ങൾക്ക്,സമരങ്ങൾക്ക് അതെന്ത് വ്യത്യാസം ആണ് ഉണ്ടാക്കിയത്, അവരുടെ സമരങ്ങൾക്ക് മൂർച്ചകൂട്ടുകയല്ലാതെ?
ഏതുവിധേനയും വിജയം നേടണമെന്ന വാശി ഒരു ഫാഷിസ്റ്റ് ആഗ്രഹമാണ്. പരാജയത്തെ ആത്മവിമർശനത്തിന് ലഭിക്കുന്ന ഒരസുലഭ അവസരമായി കണക്കാക്കുന്നത് വലിയ ജനാധിപത്യബോധവും. അത്മവിമർശനമില്ലാത്ത വളർച്ച ഉള്ള് പൊള്ളയായ ഒരു വളർച്ചയാണ്. എണ്ണത്തിൽ മാത്രമുള്ള വളർച്ച. അതിവേഗത്തിലുള്ള വളർച്ച. ഫാഷിസ്റ്റുകളുടെ വളർച്ച. ക്യാൻസർ സെല്ലുകളുടെ വളർച്ച.
ബോറടിപ്പിച്ച് കൊണ്ടുതന്നെ ആവർത്തിക്കട്ടെ. നിങ്ങൾ തെറി വിളിച്ചാൽ എനിക്ക് ഒന്നുമില്ല. അതിനേക്കാളും വലിയ അവമതി നമ്മുടെ സാമൂഹ്യഘടനയുടെ സവിശേഷത മൂലം ദിനംപ്രതി അനുഭവിക്കേണ്ടി വരുന്ന ഒരു ജനതയുടെ ഭാഗമായതുകൊണ്ട്, അവിടനിന്നും വരുന്നതുകൊണ്ട്, തെറി വിളി അല്ല എന്റെ പ്രശ്നം. അതെന്റെ ഈഗോയെ അൽപ്പം പോലും ബാധിച്ചിട്ടില്ല, ബാധിക്കുകയുമില്ല. എന്റെ പ്രശ്നം പരാജയത്തിനോടുള്ള നിങ്ങളുടെ സമീപനമാണ്. തെരെഞ്ഞെടുപ്പ് വിജയത്തിനോടുള്ള നിങ്ങളുടെ അദമ്യമായ ആഗ്രഹമാണ്. അതിനായി നിങ്ങൾ അവലംബിക്കുന്ന മാർഗ്ഗങ്ങൾ ആണ്. എന്റെ ഏറ്റവും വലിയ പ്രശ്നം ആത്മവിമർശനത്തിന് ശേഷിയില്ലാത്ത അക്രോമോത്സുകമായ ഒരു ആൾക്കൂട്ടമായി ചിലപ്പോഴെങ്കിലും നിങ്ങൾ പരിണമിക്കുന്നതാണ് (മറിച്ച്, അപരസ്നേഹത്തോടെയുള്ള ഒരാൾക്കൂട്ടം ആണ് നിങ്ങളെങ്കിൽ എത്ര രസകരമാണെന്നോ നിങ്ങൾ!) അതിത്രയും പ്രശ്നമായി എനിക്ക് അനുഭവപ്പെടാൻ കാരണം ഇന്ത്യൻ ഭരണഘടന മാറ്റിയെഴുതുവാൻ വലതുപക്ഷ ഫാഷിസ്റ്റുകൾ കിണഞ്ഞുപരിശ്രമിച്ചുകൊണ്ട് നിൽക്കുന്ന ഒരു ചരിത്ര സന്ധിയിലാണ് നമ്മൾ ജീവിക്കുന്നത് എന്നതിനാലാണ്.
നിങ്ങളുടെ രീതികൾ അറിഞ്ഞോ അറിയാതെയോ ദുർബലപ്പെടുത്തുന്നത് ഇന്ത്യൻ ഭരണഘടനയെയാണ്. ഇന്ത്യൻ ഭരണഘടന കുട്ടിക്കളി കളിക്കുവാനുള്ളതല്ല. അതാരുടെയും തറവാട്ട് സ്വത്തല്ല. അത് ലോകം മുഴുവൻ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നടത്തിയ പല സമരങ്ങളുടെയും അന്തസത്ത ജൈവികമായി ഉൾകൊണ്ട ഒരു വലിയ രേഖയാണ്. അത് പല മതഗ്രന്ഥങ്ങളും നിഷ്കർഷിക്കുന്ന പോലെ മാറ്റങ്ങൾ അനുവദിക്കാത്ത ഒരു ലോകക്രമം അനുശാസിക്കുന്നില്ല. അത് ചലനാത്മകമാണ്. യുഗചേതനയെ ഉൾകൊള്ളാൻ മാത്രം തുറസ്സും അതിനുണ്ട്. ഇപ്പോൾ ഉള്ള ഭരണഘടനയേക്കാൾ നല്ലൊരു ഭരണഘടനകൊണ്ട് മാത്രമേ അതിനെ മാറ്റുവാൻ നമ്മൾ സമ്മതിക്കാവൂ. ഊളത്തരം കൊണ്ട് ഇല്ലാതാക്കാനുള്ളതല്ല ഇന്ത്യൻ ഭരണഘടന.
നിങ്ങൾക്ക് എന്നെ തെറി വിളിക്കാം. ഇന്ത്യൻ ഭരണഘടന ഉപയോഗിച്ച്കൊണ്ട് തന്നെ നിങ്ങളുടെ ആ സ്വാതന്ത്ര്യത്തിനെ ഞാൻ പ്രതിരോധിക്കും. പക്ഷെ നിങ്ങൾ ആ ഭരണഘടനയെ ദുർബലപ്പെടുത്താൻ ശ്രമിച്ചാൽ, എന്ത് വിലകൊടുത്തും ഞാൻ ചെറുക്കും. കാരണം എനിക്ക് വ്യക്തമായറിയാം, ഈ നാട്ടിലെ അശരണരായ ജനങ്ങളുടെ അവസാന പ്രതീക്ഷയാണത് എന്ന്. മാർക്സിന്റെ ഒരു വാചകം കടമെടുത്തു അൽപ്പം കടത്തി പറഞ്ഞാൽ: ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാണ് ഇന്ത്യൻ ഭരണഘടന.
PS: മായക്കാഴ്ചയെക്കുറിച്ച് (ideology) "മൂലധന"ത്തിൽ മാർക്സ് ഇപ്രകാരം ആണ് നിർവചിക്കുന്നത്. നമ്മൾക്കതിനെക്കുറിച്ച് അറിയില്ല, എന്നിരുന്നാലും നമ്മൾ അത് ചെയ്യുന്നു ("We are not aware of this, nevertheless we do it.") ഇരുപതാം നൂറ്റാണ്ടിൽ കുടിയേറ്റ വിരുദ്ധ ജർമ്മൻ ദേശീയവാദ ചിന്തകനായ പീറ്റർ സ്ലോട്ടർഡിയ്ക്ക് (Peter Sloterdijk) ഇതിന് ഭേദഗതി വരുത്തുന്നുണ്ട്: "അവർക്കറിയാം അവർ ചെയ്യുന്നതെന്താണെന്ന്, എന്നിരുന്നാലും അവർ അത് തന്നെ ചെയ്യുകയാണ്. (They know very well what they are doing, but still, they are doing it.") എന്റെ ചോദ്യം ഇതാണ്: നിങ്ങൾക്കറിയാമോ നിങ്ങൾ സ്വയം ഫാഷിസ്റ്റുകൾ ആയി ഭരണഘടനയെ ദുർബ്ബലപ്പെടുത്തുകയാണെന്ന്? അതോ, സ്ലോട്ടർഡിയ്ക്ക് ചൂണ്ടിക്കാണിച്ചത് പോലെ, അറിഞ്ഞിട്ടും നിങ്ങൾ അത് തന്നെ ചെയ്യുകയാണോ?
അനിൽ പയ്യപ്പിള്ളി വിജയൻ
ഫേസ്ബുക് പ്രൊഫൈൽ : https://www.facebook.com/anilkumarpayyappilly.vijayan
إرسال تعليق